മരുന്നിന് പകരം പ്രാര്‍ത്ഥന; അസുഖ ബാധിതയായ പെണ്‍കുട്ടിയെ പോലീസ് ആശുപത്രിയിലെത്തിച്ചു

171

കൊല്ലം: അസുഖം വന്ന കുട്ടിക്ക് ചികിത്സ നല്‍കാതെ പ്രാര്‍ത്ഥന കൊണ്ട് ഭേദമാക്കാനുള്ള ശ്രമം നാട്ടുകാരും പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇടപെട്ട് തടഞ്ഞു. ചിന്നക്കട ജില്ലാ സഹകരണ ബാങ്കിന് സമീപത്തെ പ്രാര്‍ത്ഥനാകേന്ദ്രത്തിലാണ് സംഭവം.തലവേദനകൊണ്ട് പുളയുന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ ഡോക്ടറെ കാണാന്‍ കൂട്ടാക്കാതെ പ്രാര്‍ത്ഥനയിലൂടെ സുഖപ്പെടുത്താനുള്ള അധികാരികളുടെ ശ്രമമാണ് പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇല്ലാതാക്കിയത്. കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ചു.പട്ടത്താനം സ്വദേശിയാണ് പ്രാര്‍ത്ഥനാകേന്ദ്രം നടത്തുന്നത്. ഇയാളുടെ സഹോദരിയുടെ മകളായ പെണ്‍കുട്ടിയെയാണ് പോലീസും ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇടപെട്ട് മോചിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിമുതല്‍ പെണ്‍കുട്ടി നിലവിളിക്കുകയായിരുന്നുവെന്ന്

അയല്‍വാസികള്‍ പറയുന്നു. വിവരം അന്വേഷിച്ച അയല്‍ക്കാരോട് തലവേദനയാണെന്നും പ്രാര്‍ത്ഥിക്കുമ്ബോള്‍ മാറുമെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഞായറാഴ്ച രാവിലെയും നിലവിളി തുടര്‍ന്നതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ഇടപെട്ട് പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ സമയത്തും ഇവിടെ പ്രാര്‍ഥന തുടര്‍ന്നിരുന്നു.നാലുവര്‍ഷം മുമ്ബ് ഡെന്റല്‍ ക്ലിനിക്കിനുവേണ്ടിയാണ് പട്ടത്താനം സ്വദേശി വീട് വാടകയ്ക്കെടുത്തത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇത് പ്രാര്‍ത്ഥനാകേന്ദ്രമായി മാറുകയായിരുന്നു. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പെണ്‍കുട്ടിയുടെ മാതാപിതാക്കളും തമിഴ്നാട്ടിലാണെന്നാണ് ഇവിടെയുള്ളവരുടെ മറുപടി.