സുപ്രീം കോടതി ജഡ‍്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മാപ്പുപറയും

190

സുപ്രീം കോടതി ജഡ‍്ജിമാര്‍ക്കെതിരെ സൗമ്യ വധക്കേസ് വിചാരണക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ മാപ്പുപറയും. ഇക്കാര്യം അറിയിച്ചും കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് കട്ജു സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കട്ജുവിന്‍റെ അപേക്ഷയില്‍ സഹജഡ്ജിമാരുമായി ആലോചിച്ച്‌ തീരുമാനം അറിയിക്കാമെന്നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചത്. സൗമ്യ വധക്കേസില്‍ വിധിപറ‍ഞ്ഞ ജഡ്ജിമാരെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയതിനാണ് ജസ്റ്റിസ് കട്ജുവിനെ കോടതിയില്‍ വിളിച്ചുവരുത്തി കോടതി അലക്ഷ്യ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെ ഫേസ്ബുക് പോസ്റ്റുകള്‍ കട്ജു നീക്കം ചെയ്തിരുന്നു. തനിക്ക് വേണ്ടി ഭരണഘടനാ വിദഗ്ധന്‍ ഫാലി എസ് നരിമാന്‍ കോടതിയില്‍ ഹാജരാകുമെന്ന് കട്ജു പറഞ്ഞെങ്കിലും അത് ഫാലി എസ് നരിമാന്‍ നിഷേധിച്ചു. അതിന് ശേഷമാണ് ഇപ്പോള്‍ കോടതിക്ക് മുമ്ബില്‍ നിരുപാധികം മാപ്പുപറയാന്‍ തയ്യാറാണെന്ന് കട്ജുവിന്‍റെ അപേക്ഷ എത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ കോടതി നാളെ തിരുമാനമെടുക്കും.

NO COMMENTS

LEAVE A REPLY