ജനങ്ങള്‍ പണത്തിനായി ക്യൂ നില്‍ക്കുന്നത് യുദ്ധകാലത്തെ ഓര്‍മ്മിപ്പിക്കുന്നു; മോഡിക്കെതിരെ ആഞ്ഞടിച്ച്‌ മന്‍മോഹന്‍ സിങ്

169

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടപ്പലാക്കിയ നോട്ട് നിരോധനത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച്‌ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ട് നിരോധനത്തെ യുദ്ധകാല അവസ്ഥയോട് താരതമ്യപ്പെടുത്തിയാണ് സാമ്ബത്തിക വിദഗ്ധനും മുന്‍ ധനമന്ത്രി കൂടിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനം. ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റ് പേജിലെ ലേഖനത്തിലാണ് മുന്‍ പ്രധാനമന്ത്രി തന്റെ അഭിപ്രായം നടപ്പിലാക്കിയത്. ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല, എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് ദിവസേനയുളള ചെലവുകള്‍ക്കായി റേഷന്‍ കണക്കില്‍ വിതരണം ചെയ്യുന്ന പണത്തിനായി ഇങ്ങനെ ക്യൂ നില്‍ക്കേണ്ടി വരുമെന്ന്.

രാജ്യത്തെ വലിയ സമ്ബദ് വ്യവസ്ഥയ്ക്ക് ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. ഉപഭോക്താക്കളുടെ ആത്മവിശ്വാസം എന്നത് സമ്ബദ് വ്യവസ്ഥയ്ക്കും രാജ്യത്തെ വളര്‍ച്ചാനിരക്കിനും വളരെ പ്രധാനപ്പെട്ടതാണ്. അര്‍ദ്ധരാത്രിയിലുണ്ടായ നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ നൂറുകോടിയിലേറെ വരുന്ന രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തിക്കളഞ്ഞു എന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ലേഖനത്തില്‍ വിശദമാക്കുന്നു. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ദൈനംദിന ചെലവുകള്‍ക്കായുളള പണത്തിന് മണിക്കൂറുകളോളം ക്യൂ നില്‍ക്കുക, തികച്ചും ഹൃദയഭേദകമായ കാഴ്ച തന്നെയാണിത്. മുന്‍പ് യുദ്ധകാലങ്ങളില്‍ ആയിരുന്നു കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ജനങ്ങള്‍ ഇത്രയേറെ കാത്തുനില്‍ക്കേണ്ടി വന്നിട്ടുളളതെന്നും മന്‍മോഹന്‍ തന്റെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

കള്ളപ്പണം രാജ്യത്തെ പ്രധാന പ്രശ്നം തന്നെയാണ്. എന്നാല്‍ കള്ളപ്പണം നോട്ടായി അല്ല സൂക്ഷിച്ച്‌ വയ്ക്കാറുള്ളതെന്ന് വ്യക്തമാണ്. വര്‍ഷങ്ങളായി ഇത്തരത്തില്‍ കള്ളപ്പണം സമ്ബാദിക്കുന്നവര്‍ അത് സ്ഥലമായിട്ടോ, സ്വര്‍ണമായിട്ടോ, മറ്റ് രാജ്യങ്ങളിലെ നിക്ഷേപമായിട്ടോ മാറ്റുകയാണ് ചെയ്യാറുളളത്. കള്ളപ്പണം പിടികൂടാനുളള വിവിധ സര്‍ക്കാരുകളുടെ മുന്‍ ശ്രമങ്ങളില്‍ നിന്നും ഇത് വ്യക്തവുമാണ്. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റും എന്‍ഫോഴ്സ്മെന്റും ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കൂടാതെ നികുതിയടച്ച്‌ കള്ളപ്പണം വെളുപ്പിക്കാനുളള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം കള്ളപ്പണക്കാരെ മാത്രം ലക്ഷ്യംവെച്ചുളള സര്‍ക്കാരിന്റെ നടപടികളായിരുന്നു. എന്നാല്‍ കൈയിലുളള കള്ളപ്പണത്തിന്റെ വളരെ കുറച്ച്‌ അനുപാതം മാത്രം നോട്ടുകളായി സൂക്ഷിക്കുന്നവര്‍ക്കെതിരെയുളള നടപടി ആയിരുന്നില്ല നോട്ട് പിന്‍വലിക്കല്‍. കള്ളപ്പണത്തിന് എതിരായിട്ടെന്ന പേരില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് ദുരന്തമാണ് സമ്മാനിക്കുന്നത്. അത്ഭുതപ്പെടുത്തുന്നതോ ബുദ്ധിപരമായ നീക്കമോ ഒന്നും അല്ലായിരുന്നു നോട്ടുകള്‍ പിന്‍വലിച്ച നടപടി. മറ്റ് രാജ്യങ്ങളെ സംബന്ധിച്ച്‌ നോട്ട് നിരോധനമെന്ന പ്രക്രിയ വളരെയേറെ വെല്ലുവിളിയാകുമെങ്കില്‍ ഇന്ത്യയ്ക്ക് അതിന്റെ രണ്ടിരട്ടി പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാവുക. എല്ലായിടത്തും ആവശ്യമായ സമയം അനുവദിച്ച്‌ കൊടുത്തതിന് ശേഷം മാത്രം നോട്ടുകള്‍ പിന്‍വലിക്കുമ്ബോള്‍ ഇന്ത്യയില്‍ പൊടുന്നനെ അര്‍ദ്ധരാത്രിയിലുണ്ടാകുന്ന തീരുമാനമാണിതെന്നും മന്‍മോഹന്‍ സിങ് പറയുന്നു.

NO COMMENTS

LEAVE A REPLY