മഞ‌്ജുവാര്യര്‍ ഫൗണ്ടേഷന്‍ വീട‌് നിര്‍മിച്ചുതരാമെന്ന‌ വാഗ‌്ദാനം പാലിച്ചില്ലെന്ന‌് പരാതി ; മഞ‌്ജുവിന്റെ വീടിന‌് മുന്നില്‍ 20ന‌് കുടില്‍കെട്ടി സമരം

198

കല്‍പ്പറ്റ : വയനാട‌് പനമരം പരക്കുനി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക‌് വീട‌് നിര്‍മിച്ചുതരാമെന്ന‌് രേഖാമൂലംനല്‍കിയ വാഗ‌്ദാനം മഞ‌്ജുവാര്യര്‍ ഫൗണ്ടേഷന്‍ പാലിച്ചില്ലെന്ന‌് പരാതി. വാഗ‌്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച‌് തൃശൂരിലെ മഞ‌്ജുവിന്റെ വീടിന‌് മുന്നില്‍ 20ന‌് കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന‌് കോളനിവാസികളായ ഇന്ദിര വെള്ളന്‍, പി മണി, മിനി കുമാരന്‍, പാറ്റ വെള്ളന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2017ലാണ‌് മഞ‌്ജുവാര്യര്‍ ഫൗണ്ടേഷന്‍ പരക്കുനി പണിയ കോളനിയില്‍ 57 വീടുകള്‍ നിര്‍മിക്കാമെന്ന‌് വാഗ‌്ദാനം നല്‍കിയത‌്. തുടര്‍ന്ന‌് ജനുവരി 20ന‌് പട്ടികജാതി–വര്‍ഗക്ഷേമ മന്ത്രി, കലക്ടര്‍, പഞ്ചായത്ത‌് അധികൃതര്‍ എന്നിവര്‍ക്ക‌് രേഖാമൂലം ഉറപ്പ‌് നല്‍കി. 1.88 കോടി രൂപ ഇതിനായി നീക്കിവയ‌്ക്കുമെന്നായിരുന്നു അറിയിച്ചത‌്. രേഖകളും പ്ലാനും സ‌്കെച്ചും ഉള്‍പ്പെടെ പഞ്ചായത്ത‌് അധികൃതര്‍ ഫൗണ്ടേഷന‌് കൈമാറി. തുടര്‍ന്ന‌് നിര്‍മാണത്തിന‌് സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ പിന്നീട‌് ഇതേക്കുറിച്ച‌് ഒരു അറിയിപ്പും ഉണ്ടായില്ല.

പ്രളയത്തിന‌് ശേഷം നിരവധി സന്നദ്ധ സംഘടനകള്‍ പലര്‍ക്കും വീട‌് നിര്‍മിച്ച‌് നല്‍കുന്നുണ്ട‌്. പരക്കുനി കോളനിയില്‍ ഫൗണ്ടേഷന്റെ വാഗ‌്ദാനമുള്ളതുകൊണ്ട‌് സഹായങ്ങളെല്ലാം മറ്റിടങ്ങളിലേക്ക‌് പോയി. ഈ വിഷയം ലീഗല്‍ സര്‍വീസ‌് അതോറിറ്റിയുടെ മുന്നില്‍ കൊണ്ടുവന്നിരുന്നു. തുടര്‍ന്ന‌് ലീഗല്‍ സര്‍വീസ‌് അതോറിറ്റി ചെയര്‍പേഴ‌്സണ്‍ കൂടിയായ സബ‌് ജഡ‌്ജി കോളനി സന്ദര്‍ശിച്ചു. വാഗ‌്ദാനം പാലിക്കാത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന‌് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു.

NO COMMENTS