ആറാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റി.

325

ലണ്ടൻ: ആറാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റി. പത്ത് മാസം നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിനൊടുവിൽ ലിവർപൂളിനെ ഒരൊറ്റ പോയിന്റിന് പിന്നിലാക്കിയാണ് സിറ്റി തുടർച്ചയായി രണ്ടാം തവണയും കിരീടം ഇത്തിഹാദ് സ്റ്റേഡിയത്തിലെത്തിച്ചത്. നിർണായകമായ അവസാന മത്സരത്തിൽ സിറ്റി ബ്രൈറ്റനെ 4-1ന് പരാജയപ്പെടുത്തി.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിക്കുകയായിരുന്നു സിറ്റി. 27-ാം മിനിറ്റിൽ ഗ്ലെൻ മറേയിലൂടെ ബ്രൈറ്റൺ മുന്നിലെത്തി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ സെർജിയോ അഗ്യൂറോയിലൂടെ സിറ്റി ഒപ്പം പിടിച്ചു. 38-ാം മിനിറ്റിൽ അയ്മെറിക് ലപോർട്ടേയും സിറ്റിക്കായി ലക്ഷ്യം കണ്ടു.

68-ാം മിനിറ്റിൽ റിയാദ് മെഹ്റസിന്റെ ഊഴമായിരുന്നു. നാല് മിനിറ്റിന് ശേഷം ഇൽകേ ഗുൻഡോഗനും ലക്ഷ്യം കണ്ടു. ഇതോടെ സിറ്റി 4-1ന് മുന്നിലെത്തി. 38 മത്സരങ്ങളിൽ 32 വിജയവുമായി സിറ്റി 98 പോയിന്റ് നേടിയപ്പോൾ 30 വിജയം അക്കൗണ്ടിലുള്ള ലിവർപൂൾ 37 പോയിന്റ് നേടി.

വോൾവ്സിനെതിരേ അവസാന മത്സരത്തിനിറങ്ങിയ ലിവർപൂളും വിജയം കണ്ടു. സാദിയോ മാനേയുടം ഇരട്ട ഗോളിലായിരുന്നു ലിവർപൂളിന്റെ വിജയം. 17-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ മാനേ 81-ാം മിനിറ്റിലും ലക്ഷ്യം കണ്ടു. മറ്റു മത്സരങ്ങളിൽ കാർഡിഫ് സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനേയും ആഴ്സണൽ ബേൺലി എഫ്.സിയേയും തോൽപ്പിച്ചു. ലെസ്റ്റർ സിറ്റിയും ചെൽസിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

NO COMMENTS