നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നു പുറത്താക്കും : മമത ബാനര്‍ജി

158

കൊല്‍ക്കത്ത • പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നു പുറത്താക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നതായി മമത ബാനര്‍ജി. ഏകാധിപത്യ ഭരണം ഇവിടെ നടപ്പാക്കാനാവില്ല. നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുന്നു. ബാങ്കുകളിലും എടിഎമ്മുകളിലും പണമില്ല. പക്ഷേ നരേന്ദ്ര മോദി കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. എന്നിട്ട് ജനങ്ങളെ കറന്‍സിരഹിത രാജ്യത്തെക്കുറിച്ച്‌ പഠിപ്പിക്കുകയാണെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നോട്ട് നിരോധനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗ്രാമീണ മേഖലയിലുള്ള ജനങ്ങളില്‍ ഒട്ടുമിക്ക പേര്‍ക്കും ബാങ്ക് അക്കൗണ്ടുകളില്ല. അവര്‍ ഈ സാഹചര്യത്തെ എങ്ങനെയാണ് തരണം ചെയ്യുക. ജനതാല്‍പര്യത്തിനെതിരായ നടപടി പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരും. ഇപ്പോഴത്തെ സാഹചര്യം അഭിമുഖീകരിക്കുന്നതിന് സര്‍ക്കാരിനു ചില നിര്‍ദേശങ്ങള്‍ താന്‍ നല്‍കി. എന്നാല്‍ അത് അംഗീകരിക്കാന്‍ അവര്‍ തയാറായില്ലെന്നും മമത പറഞ്ഞു. സിബിഐയെയും ആദായ നികുതി വകുപ്പ് അധികൃതരെയും അയച്ച്‌ സര്‍ക്കാരിനെ എതിര്‍ക്കുന്നവരുടെ വായ് മൂടിക്കെട്ടുകയാണ്. എന്നാല്‍ മോദിക്ക് എന്റെ വായ് മൂടിക്കെട്ടാനാവില്ല. ഞാന്‍ ഇനിയും ഡല്‍ഹിയില്‍ പോയി എന്റെ ശബ്ദമുയര്‍ത്തും. പ്രതിഷേധം നടത്തും. വേണ്ടിവന്നാല്‍ മോദിയുടെ വീടിനു മുന്നിലും പ്രകടനം നടത്തുമെന്നും മമത വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY