സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നുമുതല്‍ മലയാളം നിര്‍ബന്ധം

234

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ഇന്നുമുതല്‍ മലയാളം നിര്‍ബന്ധം. ഇനി മുതല്‍ സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും സര്‍ക്കുലറുകളും തുടങ്ങി എല്ലാ ഉത്തരവുകളും മലയാളത്തിലായിരിക്കും. ഭരണ ഭാഷയില്‍ വരുത്തിയ മാറ്റം സംബന്ധിച്ച് മൂന്നു മാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്. എന്നാല്‍ തമിഴ്, കന്നട തുടങ്ങിയ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് നിലവിലുള്ള നിയമങ്ങളില്‍ മാറ്റമുണ്ടാകില്ല. ഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ ഇനിമുതല്‍ ഇംഗ്ലീഷിലും മലയാളത്തിലും തുല്യമായി പ്രദര്‍ശിപ്പിക്കും. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയും അടങ്ങുന്ന തസ്തികയുടെ മുദ്രകള്‍ തുടങ്ങിയവ മലയാളത്തിലും പതിക്കേണ്ടിവരും. സംസ്ഥാനത്തിനകത്തുള്ള കത്തിടപാടുകള്‍ക്കും മറ്റും മലയാളം മുദ്രതന്നെ ഉപയോഗിക്കണം. വാഹനങ്ങളുടെ ബോര്‍ഡിനു മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും നിര്‍ബന്ധമായും എഴുതിയിരിക്കണം. എന്നാല്‍ മലയാളം നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ചില സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, മറ്റു സംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകളും ഇംഗ്ലീഷിലാകാം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY