എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തെ മദ്യപാനികളുടെ പറുദീസയാക്കി മാറ്റാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ല. – അഡ്വ. ബിന്ദു കൃഷ്ണ

234

മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലും ആശുപത്രികളിലും പെന്‍ഷന്‍ ഓഫീസുകളിലും ക്യൂ നില്‍ക്കുന്ന മലയാളികളെ കാണാതെ ബീവറേജസില്‍ ക്യൂ നില്‍ക്കുന്നവരുടെ ബുദ്ധിമുട്ടോര്‍ത്ത് വിലപിച്ച് അവര്‍ക്ക് ആശ്വാസം പകരാന്‍ നടപടി എടുക്കുമെന്നുറപ്പു നല്‍കുന്ന എക്‌സൈസ് മന്ത്രി കേരളത്തിന് അപമാനമാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. മദ്യത്തിനായി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുമെന്നും ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന ആരംഭിക്കുമെന്നും പറയുന്ന സി.പി.എം. നേതാക്കള്‍ കേരളത്തെ മദ്യപാനികളുടെ പറുദീസയാക്കാന്‍ ശ്രമിച്ചാല്‍ വീട്ടമ്മമാരെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങളിലൂടെ ഈ നടപടിയെ എതിര്‍ത്ത് തോല്‍പ്പിക്കും. യു.ഡി.എഫ്. മദ്യരഹിത കേരളത്തിനായുള്ള നയം നടപ്പിലാക്കിയപ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനായി എല്‍.ഡി.എഫ് ബാര്‍ മുതലാളിമാരുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്.
ന്യായവിലയ്ക്ക് നിത്യോപയോഗ സാധനക്കാര്‍ക്ക് ലഭ്യമാക്കാനായി കൊണ്ടുവന്ന നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുകവഴി സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കുകയാണ് പിണറായി സര്‍ക്കാര്‍. ഇവിടെ നിന്നും പിര്‍ച്ചുവിടപ്പെടുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ മദ്യമുതലാളിമാരുടെ ജീവിതത്തെക്കുറിച്ച് ശ്രദ്ധാലുക്കളാണ്.
5 വര്‍ഷത്തെ തങ്ങളുടെ ഭരണത്തിലൊരിക്കലും വിലക്കയറ്റം സൃഷ്ടിക്കില്ല എന്നുറപ്പ് നല്‍കിയ ഭരണക്കാര്‍ രണ്ടര മാസത്തിനിപ്പുറം വലിയ വിലക്കയറ്റത്തിനാണ് സാഹചര്യമൊരുക്കിയിരിക്കുന്നത്. വിലക്കയറ്റം തടയാന്‍ മന്ത്രിമാരുടെ പ്രസ്താവനകളല്ലാതെ നടപടിയെടുക്കുന്നില്ല.
വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടിയെടുക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.