പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനലിനെതിരേ സമരം നടത്തുന്നവര്‍ക്കെതിരേ ലാത്തിച്ചാര്‍ജ്

247

കൊച്ചി: പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനലിനെതിരേ സമരം നടത്തുന്നവര്‍ക്കെതിരേ പോലീസിന്റെ ലാത്തിച്ചാര്‍ജ്. സമരം ചെയ്യാനെത്തിയ ആളുകളെ പോലീസ് തല്ലിച്ചതയക്കുകയായിരുന്നു. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റിട്ടും സമരക്കാര്‍ പിരിഞ്ഞുപോവാതെ പ്രതിഷേധം തുടരുകയാണ്. സമരക്കാര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതാണ് പോലീസ് ലാത്തി വീശാന്‍ കാരണമെന്ന് സംശയിക്കുന്നു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയ ശേഷം സമരക്കാര്‍ കൂടുതല്‍ ശക്തിയോടെ പ്രതിഷേധം തുടരുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധിയാളുകളുടെ തലയ്ക്ക് പൊട്ടലേറ്റു. പ്രദേശത്ത് സംഘര്‍ം തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടെര്‍മിനലിനെതിരേ സമരം തുടരുകയാണ്. വെള്ളിയാഴ്ചയും സമരക്കാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. അന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പോലീസ് തല്ലിച്ചതച്ചിരുന്നു. ജീവന് ഭീഷണിയുയര്‍ത്തുന്ന എല്‍പിജി ടെര്‍മിനല്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജനങ്ങള്‍. നൂറു ദിവസത്തിലധികമായി ഇവിടെ നാട്ടുകാരുടെ സമരം തുടരുകയാണ്. ദേശീയ ട്രൈബ്യൂണലിന്റെ ഉത്തരവ് വരുന്നതു വരെ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്നണ് നാട്ടുകാര്‍ സമരം ശക്തമാക്കിയത്.