പ്രധാനമന്ത്രി ഉജ്വല യോജന ; കേരളത്തില്‍ 93 പുതിയ ഗ്യാസ് ഏജന്‍സികള്‍ ആരംഭിക്കും

259

കോട്ടയം: കേരളത്തില്‍ പുതിയ ഗ്യാസ് ഏജന്‍സികള്‍ അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതി. എല്ലാ കുടുംബങ്ങള്‍ക്കും പാചക വാതക കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന പ്രധാനമന്ത്രി ‘ഉജ്വല യോജന’ (പിഎംയുവൈ) പദ്ധതി പ്രകാരം കേരളത്തില്‍ 93 പുതിയ ഗ്യാസ് ഏജന്‍സികള്‍ ആരംഭിക്കും. സെപ്റ്റംബര്‍ ഒന്നിനാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കിയത്. ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. മൂന്നു വര്‍ഷം കൊണ്ട് അഞ്ചു കോടി കണക്ഷന്‍ നല്‍കുകയാണ് ലക്ഷ്യം.

കണക്ഷന്‍ എടുക്കുന്നതിനുള്ള 1600 രൂപ ബിപിഎല്‍ കുടുംബത്തിനു സബ്‌സിഡിയായി ലഭിക്കും. രാജ്യം മുഴുവന്‍ ഒന്നര വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. പഞ്ചായത്തുകളിലാണ് പുതിയ വിതരണക്കാരെ ക്ഷണിച്ചിട്ടുള്ളത്. കേരളത്തില്‍ 93 പുതിയ ഏജന്‍സികള്‍ കൂടി വരുന്നതോടെ സൗജന്യ നിരക്കില്‍ സിലിണ്ടര്‍ എത്തിച്ചു കൊടുക്കുന്ന അഞ്ചു കിലോമീറ്റര്‍ പരിധിയില്‍, ഓരോ ഏജന്‍സിയിലെയും ഉപഭോക്താക്കളെ പുനര്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നാണ് വിതരണ കമ്പനികളുടെ പ്രതീക്ഷ.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വഴിയാണ് പുതിയ ഏജന്‍സികള്‍ ആരംഭിക്കുക. ബാക്കി ഭാരത് പെട്രോളിയത്തിനും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനും നല്‍കാനാണു തീരുമാനം. ഗ്യാസ് ഏജന്‍സികള്‍ അനുവദിക്കുന്നതു സംബന്ധിച്ചു നടപടിക്രമങ്ങള്‍ സുതാര്യമാകണമെന്ന് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം ഉണ്ട്. അതിനാല്‍ രാജ്യത്ത് ഓണ്‍ലൈന്‍ വഴി നടക്കുന്ന അപേക്ഷ സ്വീകരിക്കല്‍ നിരീക്ഷണത്തിലാണ്.

NO COMMENTS