ഇന്ത്യന്‍ എംബസി നഴ്‌സ് റിക്രൂട്ടിംഗ് ഏജന്‍സികളുടെ പട്ടിക പുറത്തിറക്കി

225

മസ്‌ക്കറ്റ്: ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഏജന്‍സികളുടെ പുതിയ പട്ടിക ഒമാനിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. നോര്‍ക്ക റൂട്‌സ് അടക്കം നിലവിലുള്ള മൂന്ന് ഏജന്‍സികള്‍ക്ക് പുറമെ രണ്ട് പുതിയ കന്പനികള്‍ക്ക് കൂടി റിക്രൂട്ടമെന്റിന് അനുമതി നല്‍കി.
കേരള സര്‍ക്കാറിന് കീഴിലുള്ള നോര്‍ക്ക റൂട്‌സ് അടക്കം അഞ്ച് ഏജന്‍സികള്‍ക്കാണ് ഇന്ത്യയില്‍ നിന്നും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് അനുമതി നല്‍കിയത്. നോര്‍ക്ക റൂട്ട്‌സിന് പുറമെ തിരുവനന്തപുരം ആസ്ഥാനമായ ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന് കമ്പനിക്കും അംഗീകാരം ലഭിച്ചു. ചെന്നൈ കേന്ദ്രമായുള്ള ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, കാണ്‍പൂരിലെ ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, തെലങ്കാന ആസ്ഥാനമായുള്ള തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ലിമിറ്റഡ് എന്നിവയാണ് മറ്റു ഏജന്‍സികള്‍. യുപി, തെലങ്കാന കമ്പനികള്‍ ആദ്യമായാണ് റിക്രൂട്ട്‌മെന്റ് അനുമതി നേടുന്നത്. മറ്റ് മൂന്ന് കമ്പനികളും ഈ വര്‍ഷം ആഗസ്റ്റ് നാലു മുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലിക്കെത്തുന്ന നഴ്‌സുമാര്‍ നേരിടുന്ന ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് കഴിഞ്ഞ വര്‍ഷം മുതലാണ് ഇ – മൈഗ്രന്റ് സിസ്റ്റം വഴി ആക്കിയിരുന്നു. റിക്രൂട്ട്‌മെന്റ് സുതാര്യമാക്കുന്നതിന് ഇത് ഏറെ സഹായകമായി.