ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന: പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

9

കാസറഗോഡ് : നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളായ നളന്ദ റിസോര്‍ട്‌സ്, ഉണ്ണിമണി, ഗ്രീന്‍ പാര്‍ക്ക് റസ്റ്റോറന്റ്, വളവില്‍ തട്ടുകട, ഒറോട്ടി കഫേ എന്നിവിടങ്ങളില്‍ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നെടുങ്കണ്ണത്തെ ഗോള്‍ഡണ്‍ ഫിഷ് മാര്‍ക്കറ്റില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള, ദുര്‍ഗന്ധം വമിക്കുന്ന ചീഞ്ഞളിഞ്ഞ മത്സ്യം പിടിച്ചെടുത്തു.

സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തുടര്‍പരിശോധന കര്‍ശനമാക്കുമെന്നും ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ടി.പി. ലത, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. രാജീവന്‍ എന്നിവര്‍ പറഞ്ഞു. ജെ.എച്ച്.ഐമാരായ ടി. നാരായണി, ടി.വി. രാജന്‍, കെ.വി. ബീനാകുമാരി, പി.പി. സ്മിത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു