വളാഞ്ചേരിയില്‍ ഭാര്യയും സുഹൃത്തും ചേര്‍ന്ന് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ക്കും ജീവപര്യന്തം തടവു ശിക്ഷ

212

വളാഞ്ചേരിയില്‍ ഭാര്യയും സുഹൃത്തും ചേര്‍ന്ന് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ക്കും ജീവപര്യന്തം തടവു ശിക്ഷ. ഗ്യാസ് ഏജന്‍സി ഉടമായിരുന്ന വിനോദ് കുമാറിനെ ഭാര്യ ജ്യോതിയും സുഹൃത്തായ മുഹമ്മദ് യുസഫും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ജീവപര്യന്തം തടവുശിക്ഷക്ക് പുറമെ രണ്ടുപേരും 42,500 രുപ പിഴയും ഒടുക്കണം. ഇതില്‍ 25000 രുപ വീതം വിനോദ് കുമാറിന്റെ അമ്മയ്ക്കു നല്‍കണം. ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ നാലു വര്‍ഷം കഠിനതടവാണ് ശിക്ഷ.
തെളിവ് നശിപ്പിച്ചതിന് 10000 രുപയും അതല്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും അനുഭവിക്കണം. ഗൂഢാലോചന നടത്തിയതിന് 7500 രുപ പിഴയൊടുക്കണം ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ മൂന്ന് വര്‍ഷം കഠിന തടവ് അനുഭവിക്കണം. തടവുശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി. സുപ്രീം കോടതി വരെ ജാമ്യം നല്‍കാതിരുന്ന കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ കീഴ്ക്കോടതിക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ററ് 9ന് വളാഞ്ചേരി വെണ്ടാനൂരിലെ ഗ്യാസ് ഏജന്‍സി ഉടമയായ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിവേററ നിലയില്‍ ഭാര്യ ജ്യോതിയെയും വീട്ടിനുള്ളില്‍ കണ്ടെത്തിയിരുന്നു.
കവര്‍ച്ച ശ്രമമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജ്യോതി തന്നെ മുറിവേല്‍പ്പിച്ചതാണെന്നും കൊലപാതകത്തില്‍ ജ്യോതിയും പങ്കാളിയാണെന്നും അടുത്ത ദിവസം തന്നെ പൊലീസ് കണ്ടെത്തുകയായിരുന്നു. എറണാകുളത്ത് ഇവരുടെ അയല്‍വാസിയായ മുഹമ്മദ് യുസഫിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞു .
കൊലപാതകം നടന്ന ദിവസം ജ്യോതി തന്നെ യുസഫിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയും രാത്രി വൈകി വീട്ടിലെത്തിയ വിനോദിനെ രണ്ടുപേരും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. വിനോദിന് മറ്റൊരു ഭാര്യയും മകളുമുണ്ടെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം നടത്താന്‍ ജ്യോതി പദ്ധതിയിട്ടതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി എം.ആര്‍ അനിതയാണ് പ്രതികക്കുള്ള ശിക്ഷ വിധിച്ചത്.