ലൈഫ് മിഷൻ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് – 2020 ഒക്‌ടോബറിൽ 85 ഭവന സമുച്ചയങ്ങൾ പൂർത്തിയാകും

141

ലൈഫ് മിഷൻ പദ്ധതിയിൽ 2020 ഒക്‌ടോബറോടെ 85 ഭവന സമുച്ചയങ്ങൾ പൂർത്തിയാകും. ഇതിൽ ആദ്യത്തേത് ഇടുക്കി അടിമാലിയിൽ ഗുണഭോക്താക്കൾക്ക് കൈറാമിയിട്ടുണ്ട്. ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ നിർമിക്കുന്ന 14 ഭവനസമുച്ചയങ്ങൾ ഉൾപ്പെടെ 70 എണ്ണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ രണ്ട് സുനാമി ഫ്‌ളാറ്റുകൾക്കും അനുമതിയായി. ഭൂമിയും വീടും ഇല്ലാത്തവർക്കാണ് ഫ്‌ളാറ്റുകൾ നിർമിച്ചുനൽകുന്നത്.

സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിലൂടെ 14 ഭവനസമുച്ചയങ്ങൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവ നിർമിക്കുന്നതിനുള്ള സ്ഥലത്തിന്റെ പരിശോധന നടക്കുകയാണ്. ലൈഫ് മിഷൻ ഭവനസമുച്ചയങ്ങളുടെ നിർമാണത്തിനുള്ള പ്രോജക്ട് കൺസൾട്ടൻസികളെ തിരഞ്ഞെടുത്തിട്ടുണ്ട്. സാങ്കേതിക കമ്മിറ്റി അടുത്തയാഴ്ച ചേരും. ഇതിനു ശേഷം ടെണ്ടർ നടപടി ആരംഭിക്കുമെന്ന് ലൈഫ് മിഷൻ സി. ഇ. ഒ യു. വി. ജോസ് പറഞ്ഞു. ഭവന സമുച്ചയങ്ങൾ നിർമിക്കാൻ ബഡ്ജറ്റിൽ 355 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൈലറ്റ് അടിസ്ഥാനത്തിൽ നിർമിക്കുന്ന 14 എണ്ണത്തിന്റേയും കെയർഹോം പദ്ധതിയിലെ 14ന്റേയും നിർമാണം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. 56 ഭവനസമുച്ചയങ്ങളുടെ ടെണ്ടർ നടപടികൾ ഈ വർഷം തന്നെ പൂർത്തിയാക്കും.

ഇടുക്കി അടിമാലി മച്ചിപ്ലാവ് എന്ന സ്ഥലത്താണ് പൂർത്തിയായ ഭവനസമുച്ചയമുള്ളത്. 217 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഏഴു നിലകളുള്ള കെട്ടിടത്തിൽ ഓരോ യൂണിറ്റിലും 460 ചതുരശ്രഅടിയിലായി രണ്ട് കിടപ്പുമുറികൾ, അടുക്കള, ഹാൾ എന്നിവയുണ്ട്. ലിഫ്റ്റ്, മാലിന്യസംസ്‌കരണത്തിന് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ്, ആരോഗ്യ ഉപകേന്ദ്രം, അംഗൻവാടി, ലൈബ്രറി, തൊഴിൽ പരിശീലന കേന്ദ്രം, കളിസ്ഥലം, കുട്ടികൾക്ക് പഠിക്കുന്നതിനുള്ള പ്രത്യേക ഇടം എന്നിവയും സമുച്ചയത്തിന്റെ ഭാഗമായുണ്ട്. ഇവിടത്തെ താമസക്കാർക്ക് സ്വയംതൊഴിൽ പദ്ധതികളും ഉടൻ ആരംഭിക്കും.

ലൈഫ് മിഷൻ 2017ൽ നടത്തിയ സർവേ പ്രകാരം ഭൂമിയും വീടുമില്ലാത്ത 337416 പേരാണ് കേരളത്തിലുള്ളത്. അർഹരായവരെ കണ്ടെത്തുന്നതിനുള്ള രേഖ പരിശോധനയ്ക്കുള്ള സോഫ്റ്റ്‌വെയർ ആഗസ്റ്റിൽ പഞ്ചായത്തുകളിലെത്തും. പണി തുടങ്ങിയ ശേഷം പൂർത്തീകരിക്കാത്ത 54363 വീടുകളിൽ 51302 വീടുകളുടെ നിർമാണം ആദ്യ ഘട്ടത്തിൽ പൂർത്തിയായി. ബാക്കിയുള്ളവയുടെ പണി പുരോഗമിക്കുന്നു. കേരളത്തിലെ ഭവനരഹിതരായ 98415 പേരിൽ 86706 പേരുടെ വീട് നിർമാണം രണ്ടാം ഘട്ടത്തിൽ ആരംഭിച്ചിരുന്നു. ഇതിൽ 23,608 വീടുകളുടെ നിർമാണം പൂർത്തിയായി. കഴിഞ്ഞയാഴ്ച ഇവർക്കുള്ള നാലാം ഗഡു വായ്പ വിതരണം ചെയ്തു.

NO COMMENTS