നമുക്കൊരുക്കാം നമ്മുടെ ഭൂപടം; മാപ്പത്തോൺ കേരളം പദ്ധതി പുരോഗമിക്കുന്നു

75

തിരുവനന്തപുരം : കേരളത്തിന്റെ സമഗ്രവിവരങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഭൂപട നിർമാണ പദ്ധതിയായ മാപ്പത്തോണിൽ ഇതുവരെ രേഖപ്പെടുത്തിയത് 3,08,600 കെട്ടിടങ്ങളും 28,600 കിലോമീറ്ററിലധികം ജലാശയങ്ങളും 56,714 കിലോമീറ്ററിലധികം റോഡ് ശൃംഖലയും. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളം നേരിട്ട പ്രളയത്തിനു ശേഷമാണ് ഈ പദ്ധതിയെക്കുറിച്ച് സംസ്ഥാനം ഗൗരവമായി ആലോചിച്ചത്. പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഓരോ പ്രദേശത്തെയും റോഡുകളും കെട്ടിടങ്ങളും ജലാശയങ്ങളും രേഖപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് മാപ്പത്തോൺ പദ്ധതിക്ക് തുടക്കമിട്ടത്.

ലൊക്കേഷൻ മാപ്പിംഗിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണ് രേഖപ്പെടുത്തൽ. ഐടി മിഷനു കീഴിലുള്ള കേരള സ്റ്റേറ്റ് സ്പേഷ്യൽ ഡാറ്റാ ഇൻഫ്രാസ്ട്രക്ച്ചറിന്റെ സഹായത്തോടെയാണ് ഹരിതകേരളം മിഷൻ ഭൂപട രേഖപ്പെടുത്തൽ നടത്തുന്നത.്സംസ്ഥാനത്താകെയുള്ള സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് വിവരശേഖരണം നടത്തുന്നത്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലും മാപ്പിംഗ് ഏജൻസികൾ സജ്ജമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. പ്രകൃതി ദുരന്തം, കുടിവെള്ള ക്ഷാമം, ഗതാഗത പ്രശ്നങ്ങൾ തുടങ്ങി സമൂഹത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഈ ഡിജിറ്റൽ ഭൂപടം പ്രയോജനപ്പെടുത്താനാകും. ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (ICFOSS) ആണ് ഇതിനുവേണ്ട ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്.

NO COMMENTS