ഭൂപരിഷ്കരണ നിയമം ലംഘിച്ച് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ കണക്ക് എടുക്കുന്നു

346

തിരുവനന്തപുരം : സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമം ലംഘിച്ച് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ പട്ടിക തയാറാക്കാൻ ലാൻഡ് ബോർഡ് സെക്രട്ടറിക്ക് റവന്യു വകുപ്പിന്റെ നിർദ്ദേശം. നടൻ ദിലീപ് അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേപോലെ മറ്റുപലരും ഭൂമി കയ്യേറിയിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നത്. രജിസ്‌ട്രേഷൻ, റവന്യു വകുപ്പുകൾ സഹകരിച്ചാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. രജിസ്‌ട്രേഷൻ വകുപ്പിലെ കംപ്യൂട്ടർ വത്കരണം പൂർത്തിയാകാത്ത സാഹചര്യത്തിൽ വിശദമായ പരിശോധന തന്നെ വേണ്ടി വരും. ഒട്ടേറെ മത സ്ഥാപനങ്ങളും റിസോർട്ടുകളും സ്ഥലം കയ്യേറിയിട്ടുണ്ടെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെ തുടർന്നാണ് സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നത്.