കേരളത്തിന്റെ ചരിത്രപരമായ പൈതൃകമാണ് ഭൂപരിഷ്‌കരണം-സെമിനാര്‍

96

കാസര്‍കോട് : കേരളത്തിന് ലഭിച്ച ചരിത്രപരമായ പൈതൃകമാണ് സംസ്ഥാനത്തെ ആദ്യസര്‍ക്കാര്‍ തുടങ്ങി വെച്ച ഭൂപരിഷ്‌കരണ പ്രവര്‍ത്തനങ്ങളെന്ന് സംസ്ഥാനആസൂത്രണ ബോര്‍ഡ് അംഗം ഡോ. രവിരാമന്‍ പറഞ്ഞു. ഭൂപരിഷ്‌കരണം ഒരു പ്രത്യേക ഘട്ടത്തില്‍ ആരംഭിച്ച് അവസാനിക്കുന്നുവെന്ന ആശയത്തേക്കാളുപരി തുടര്‍ച്ചയായ പ്രക്രയയായി കാണണമെന്നും ജാതി-അധികാര ബന്ധങ്ങളെ ഇല്ലാതാക്കി ജനങ്ങള്‍ക്ക് ഭൂമിയുമായി ജൈവപരമായ ബന്ധം ഉറപ്പാക്കുന്ന പട്ടയമേളകള്‍ ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയില്‍ കേരള ഭൂപരിഷ്‌കരണ നിയമത്തി ന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭൂപരിഷ്‌കരണവും കേരളവികസനവും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 650 ഓളം കുടിയായ്മ രീതികളായി രുന്നു കേരളത്തില്‍ നേരത്തേയുണ്ടായിരുന്നത്. അതില്‍ ജനാധിപത്യവിരുദ്ധമായതിനെയെല്ലാം തള്ളി സാമൂഹിക ക്ഷേമം മുന്നില്‍ കണ്ട് ക്രോഡീകരിച്ചതാണ് ഭൂപരിഷ്‌കരണ നിയമം.

പല പരിമിതികള്‍ക്കിടയിലും ആദ്യഘട്ടത്തില്‍ നടപ്പാക്കിയപ്പോള്‍ പോരായ്മകളുണ്ടാവുക സ്വാഭാവികമായിരുന്നു. പോരായ്മകള്‍ പരിഹരിച്ച് മുന്നേറാനാണ് വിവിധ സര്‍ക്കാരുകള്‍ ശ്രമിച്ചത്. കുടിയവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരത്തോടെയാണ് കാണുന്നത്. ഇത് വേഗത്തില്‍ പരിഹരിക്കുന്നതിനാണ് പട്ടയമേളകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം മേഖലയും നിലവില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി നിരവധി ഇളവുകളാണ് സര്‍ക്കാര്‍ തോട്ടം ഉടമകള്‍ക്ക് നല്‍കിയത്. പക്ഷേ തോട്ടം തൊഴലാളികളുടെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനായി തോട്ടം ഉടമകള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല. ഈ പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാര്‍ പുതിയ തോട്ടം നയം പ്രഖ്യാപിക്കുമെന്നും കരട് രേഖ തയ്യാറായി വരുന്നതായും അദ്ദേഹം പറഞ്ഞു

NO COMMENTS