നാടൻ രുചി വൈവിധ്യങ്ങളോടെ കുന്നംകുളത്തെ സുഭിക്ഷ കമ്യൂണിറ്റി കിച്ചൻ

267

തൃശൂർ : ജില്ലയിലെ സമൂഹ അടുക്കളയിൽ നാടൻ രുചി വൈവിധ്യങ്ങളോടെ ഭക്ഷണമൊരുക്കി കുന്നംകുളത്തെ സുഭിക്ഷ കമ്യൂണിറ്റി കിച്ചൻ. കൂടുതലും സൗജന്യ നിരക്കിൽ അർഹരായവർക്ക് ഭക്ഷണം നൽകുന്ന ഈ സമൂഹ അടുക്കളയിൽ നിന്ന് ഇന്നലെ വരെ 8600 പേർക്ക് ഭക്ഷണം നൽകി.

ജില്ലയിലെ ആദ്യത്തെ 20 രൂപ ഭക്ഷണശാലയായ ഈ കാന്റീനിൽ നിന്ന് ദിവസേന 400 പേർക്ക് ഉച്ചഭക്ഷണം നൽകുന്നുണ്ട്. 200 പേർക്ക് പ്രഭാത ഭക്ഷണവും 250 പേർക്ക് രാത്രി ഭക്ഷണവും നൽകി വരുന്നു.
പച്ചക്കറി ക്ഷാമം നേരിടുന്ന സമയമായതിനാൽ കർഷകരിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച ചക്ക, മാങ്ങ, മുരിങ്ങയില, നാടൻ കായ, ഇരുമ്പൻ പുളി, അടുക്കളത്തോട്ട ചീര, പച്ചമുളക് എന്നിവ കൊണ്ടാണ് കറിക്കൂട്ടുകൾ ഒരുക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത നാടൻ വിഭവങ്ങളാണ് ചോറിനൊപ്പം നൽകുന്നത്. സാമ്പാറിനൊപ്പം ചക്ക എരിശ്ശേരി, മുരിങ്ങയില തോരൻ, ഇരുമ്പൻ പുളി അച്ചാർ, ചീരക്കറി, കായ ഉപ്പേരി മുതലായവയാണ് നൽകുന്നത്.

രാവിലെ പ്രാതലിന് ഇഡലി, സാമ്പാർ എന്നിവയാണ് നൽകുന്നത്. വൈകീട്ട് ചോറും കറികളും നൽകും. ഐഫ്രം ടീം, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. വളണ്ടിയർമാർ വഴിയാണ് പൊതിച്ചോർ വിതരണം നടത്തുന്നത്.

ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്കും ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ കഴിക്കാൻ വഴിയില്ലാത്തവർക്കും അതിഥി സംസ്ഥാനക്കാർക്കുമാണ് മൂന്നു നേരവും ഭക്ഷണമെത്തിക്കുന്നത്. രാത്രി കാലങ്ങളിൽ ഭക്ഷണം ലഭിക്കാതെ നഗരത്തിലെത്തുന്നവർക്കും മദർ കമ്യൂണിറ്റി കിച്ചനിലൂടെ ഭക്ഷണം നൽകും.

NO COMMENTS