ശബരിമലയില്‍ സ്ത്രീ പ്രവേശനം : കെ. സുരേന്ദ്രന്‍ പറഞ്ഞത് വ്യക്തിപരമായ നിലപാടാണെന്ന് കുമ്മനം രാജശേഖരന്‍

196

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത് വ്യക്തിപരമായ നിലപാടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ആര്‍.എസ്.എസ് ശാഖ തടയുമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന നാട്ടില്‍ കലാപമുണ്ടാക്കാന്‍ വേണ്ടിയാണ്. ഇത് ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്നും കുമ്മനം ആരോപിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അനുകൂലിച്ചതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ അനുകൂലിച്ച സുരേന്ദ്രന്‍, എല്ലാ ദിവസവും ദര്‍ശനത്തിന് അനുമതി നല്‍കുന്നതിനെയും അനുകൂലിച്ചിരുന്നു.അതേസമയം കെ. സുരേന്ദ്രന്‍റെ നിലപാട് തള്ളി ശോഭ സുരേന്ദ്രനും പാര്‍ട്ടി സംസ്ഥാന വക്താവ് ജെ.ആര്‍ പദ്മകുമാറും നേരത്തെ രംഗത്ത് വന്നിരുന്നു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ നിലപാട്.