കാസര്‍കോട്ടും ഇനി 25 രൂപയ്ക്ക് ഉച്ചഭക്ഷണം കുടുംബശ്രീ കര്‍മപദ്ധതി അവതരിപ്പിച്ചു.

148

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലും 25 രൂപക്ക് ഉച്ചഭക്ഷണം ലഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച 2020-21 വര്‍ഷത്തെ കുടുംബശ്രീ ജില്ലാ കര്‍മപദ്ധതി അവതരണയോഗം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. മികച്ച സേവനം ലഭ്യമാക്കുന്നതിലൂടെ കുടുംബശ്രീ പൊതുജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചു കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടി 38 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി 41 ഹോട്ടലുകളാണ് പുതുതായി തുറക്കുകയെന്ന് കര്‍മപദ്ധതി അവതരിപ്പിച്ച് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി മാര്‍ച്ച് പതിനഞ്ചോടെ പുതിയ ഭക്ഷണകേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിലൂടെ ഇരുനൂറോളം പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. പദ്ധതിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ചെയ്ത് കൊടുക്കുക.

പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനായി ജില്ലയിലുടനീളം ആയിരം കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരിക്കും. പച്ചക്കറി, പഴവര്‍ഗങ്ങളുടെ ഉത്പാദനത്തിന് മുന്‍ഗണന നല്‍കി ഉത്പാദനക്ഷമത വര്‍ധിപ്പിക്കും.
തൊഴിലുകളില്‍ ലൈഫ്മിഷന്‍ ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന
വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടിലെത്തിക്കുന്നതിനായി ‘വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം’ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. പദ്ധതിക്ക് വേണ്ടി ആയിരം സെയില്‍ എക്സിക്യൂട്ടീവുകളെയാണ് നിയമിക്കുക.

ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, സ്നേഹിത കോളിങ് ബെല്ലിലുള്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. യോഗത്തില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരായ സി ഹരിദാസന്‍, പ്രകാശന്‍ പാലാഴി, ജോസഫ് പെരുകില്‍, ഡിഡിയു ജികെവൈ ജില്ലാ പ്രൊജക്ട് മാനേജര്‍ രേഷ്മ, സിഡിഎസ് ചെയര്‍പേഴ്സന്‍മാര്‍, വൈസ് ചെയര്‍പേഴ്സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, ഉപസമിതി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS