കേരള ട്രാവല്‍ മാര്‍ട്ട് : സമാപനദിനം പൊതുജനപങ്കാളിത്തത്താല്‍ ശ്രദ്ധേയം

233

കൊച്ചി : പ്രവൃത്തിദിവസമായിരുന്നിട്ടുകൂടി കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) 2016ന്റെ സമാപന ദിനം പൊതുജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. കെടിഎമ്മിന്റെ ഒന്‍പതാം പതിപ്പിന്റെ അവസാന ദിവസമായ ഇന്നലെ (വെള്ളി) സാമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.

ഉത്തരവാദിത്ത ടൂറിസം പവിലിയനില്‍ ഒരുക്കിയിരുന്ന പരമ്പരാഗത വില്ലും കരകൗശലനിര്‍മ്മിതമായ അമ്പുകളും ഉപയോഗിച്ച് അസ്ത്രവിദ്യയില്‍ ഒരു കൈ നോക്കിയും, കേരള ടൂറിസം സ്റ്റാളിലെ ജീപ്പിനുമുന്നില്‍ നിന്ന് സെല്‍ഫിയെടുത്തുമെല്ലാം സന്ദര്‍ശകര്‍ പ്രദര്‍ശനം ആഘോഷമാക്കി.

കഴിഞ്ഞ തവണ മുടങ്ങിയ സന്ദര്‍ശനം ഇത്തവണത്തെ കെടിഎമ്മില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സാധ്യമായതില്‍ സന്തോഷമുണ്ടെന്ന് കെടിഎം കാണാനായി മാത്രം കോഴിക്കോടുനിന്ന് അഞ്ചുമണിക്കൂര്‍ കാറോടിച്ചെത്തിയ സഫീര്‍ അബുബേക്കര്‍ പറഞ്ഞു. വാണിജ്യാവശ്യത്തിനല്ല എത്തിയതെങ്കില്‍പ്പോലും വളരെ സ്വാഗതാര്‍ഹമായ അന്തരീക്ഷമായിരുന്നു മാര്‍ട്ടിലേത് എന്നും അദ്ദേഹം വിലയിരുത്തി.

കെടിഎം വേദിയിലെ 265 സെല്ലര്‍ സ്റ്റാളുകളിലായി ഒരുക്കിയ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റി. വെഡിംഗ് ഡെസ്റ്റിനേഷനുകള്‍ക്കുവേണ്ടി തയ്യാറാക്കിയ സ്റ്റാളില്‍ ‘വിവാഹ ഫോട്ടോ’ എടുക്കാന്‍ വിദ്യാര്‍ഥികളുടെ തിരക്കായിരുന്നു. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളുടെ 360 ഡിഗ്രി കാഴ്ച്ചയുമായി വിര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം ഒരുക്കിയ സ്റ്റാളിലായിരുന്നു സന്ദര്‍ശകത്തിരക്ക് ഏറെ.

വിനോദത്തിനപ്പുറം പുതിയ അറിവുകള്‍ നേടാനുള്ള അവസരം കൂടിയായിരുന്നു പലര്‍ക്കും ഈ സന്ദര്‍ശനം. ടൂറിസം വ്യവസായത്തിന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ കൂട്ടായ്മ എന്നതിനപ്പുറം കേരളത്തെക്കുറിച്ചുള്ള വിവരങ്ങളുടെ സംഗമകേന്ദ്രം കൂടിയാണ് ‘ദൈവത്തിന്റെ സ്വന്തം നാട്’ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന കെടിഎം.

കേരളത്തിലെ അറിയാത്ത പല സ്ഥലങ്ങളെപ്പറ്റിയും അറിവ് നേടിയതായും പവിലിയനില്‍ നിരവധി ആകര്‍ഷണങ്ങള്‍ ഒരുക്കിയിട്ടുള്ളതായും ക്ലാസ് കഴിഞ്ഞയുടനേ കൂട്ടുകാരുടെ ഒരു വലിയ സംഘത്തോടൊപ്പം കെടിഎം സന്ദര്‍ശിക്കാനെത്തിയ ആലുവയില്‍നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ത്ഥി ജെറി മാത്യൂസ് പറഞ്ഞു.

മുസിരിസ്, സുഗന്ധവ്യഞ്ജനപാത പവിലിയനിലും വിദ്യാര്‍ഥികളുടെ തിരക്കായിരുന്നു. പട്ടണം പര്യവേക്ഷണത്തിന്റെ ചിത്രങ്ങളും രേഖകളും ഒരുക്കിയ പ്രദര്‍ശനം നഗരത്തിലെ ആര്‍ട്ട്‌സ് കോളജില്‍നിന്നെത്തിയ വിദ്യാര്‍ഥികളുടെ ശ്രദ്ധാകേന്ദ്രമായി. പട്ടണം സന്ദര്‍ശിക്കാന്‍ ഏറെ നാളായി ആഗ്രഹിക്കുന്നതാണെന്നും ഇവിടെ ഒരുക്കിയ മ്യൂസിയം അതിന്റെ അനുഭവം പകര്‍ന്നുനല്‍കി എന്നും വിദ്യാര്‍ഥിനിയായ നീതു നായര്‍ പറഞ്ഞു. അടുത്ത കെടിഎം എന്നാണെന്ന ചോദ്യവുമായി കാത്തിരിക്കുകയാണ് പ്രദര്‍ശനത്തിനെത്തിയ സന്ദര്‍ശകര്‍.

NO COMMENTS

LEAVE A REPLY