സ്‌പൈസ് ടൂറിസത്തിലൂടെ നേട്ടങ്ങളുടെ വിളവെടുപ്പുമായി കെടിഎമ്മില്‍ സംരംഭകര്‍

232

കൊച്ചി: നൂറ്റാണ്ടുകള്‍ക്കുമുന്‍പ് വിദേശ സഞ്ചാരികള്‍ കേരളത്തെ തേടിയെത്തിയത് സുഗന്ധ വ്യഞ്ജനങ്ങള്‍ അന്വേഷിച്ചായിരുന്നു. ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ പുതിയ കാലത്തും സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുഗന്ധവ്യജ്ഞന മഹിമ തന്നെയെന്ന് കേരള ട്രാവല്‍ മാര്‍ട്ടിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നു. പ്ലാന്റേഷന്‍ ടൂറിസത്തിന്റെ ആകര്‍ഷണങ്ങളിലൊന്നായി സ്‌പൈസ് ടൂറിസം കേരളത്തില്‍ വളരുന്നുവെന്നതിന് തെളിവാണിത്.കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ നടക്കുന്ന ഒന്‍പതാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ മുസിരിസ്-സ്‌പൈസ് റൂട്ട് എന്ന പ്രമേയം പോലും സുഗന്ധവ്യജ്ഞന പൈതൃകത്തിന്റെ മൂല്യം തിരിച്ചറിഞ്ഞു തന്നെയാണ് തയാറാക്കിയിരിക്കുന്നത്. കെടിഎമ്മിലെ ഒട്ടേറെ സ്റ്റാളുകളും സ്‌പൈസ് ടൂറിസത്തിന്റെ പ്രസക്തിയും വില്‍പ്പനസാധ്യതയും തിരിച്ചറിയുന്നു. കാപ്പിക്കും തേയിലയ്ക്കും പുറമെ, ഏലം, ജാതി, കുരുമുളക് എന്നിവയ്‌ക്കെല്ലാം സ്റ്റാളുകളില്‍ ആവശ്യക്കാരേറെയാണ്.
അതിഥികള്‍ക്ക് സുഗന്ധവ്യജ്ഞന വിനിയോഗത്തിന്റെ സമ്പൂര്‍ണ അനുഭവം നല്‍കാന്‍ അവസരമൊരുക്കുന്നുണ്ടെന്ന് തേക്കടിയിലും മൂന്നാറിലുമായി പ്രവര്‍ത്തിക്കുന്ന ഒരു റിസോര്‍ട്ടിന്റെ പ്രതിനിധികള്‍ പറഞ്ഞു. തരികള്‍, ഇല എന്നിവ തിരഞ്ഞെടുക്കുക, പൊടിക്കുക എന്നിവയെല്ലാം അവര്‍ക്ക് സ്വയം ചെയ്യാന്‍ അവസരമുണ്ട്. ഒടുവില്‍ സ്വന്തമായുണ്ടാക്കിയ ഉല്‍പ്പന്നം രുചിച്ച് സംതൃപ്തരാകാം. ഇവ പാക്കറ്റുകളിലാക്കി സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാനായി പലരും വാങ്ങുന്നുണ്ടെന്നും റിസോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.
തേക്കടിയിലെ നൂറേക്കറോളം വരുന്ന സ്ഥലത്ത് കാപ്പി, കുരുമുളക്, ഏലം, തേയില തുടങ്ങി എല്ലാ സുഗന്ധവ്യജ്ഞനങ്ങളും കൃഷി ചെയ്യുന്നുണ്ട്. സുഗന്ധവ്യജ്ഞന കൃഷിയില്‍ പങ്കാളികളാകാനായി അതിഥികള്‍ക്ക് രണ്ടും നാലും ദിവസങ്ങള്‍ നീളുന്ന പാക്കേജുകളും നല്‍കുന്നുണ്ട്. ജര്‍മനി, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്കാണ് സ്‌പൈസ് ടൂറിസത്തിന്റെ ഈ കൗതുകങ്ങളോട് ഇഷ്ടക്കൂടുതലെന്നും ഡയറക്ടര്‍ പറഞ്ഞു.
വയനാട്ടില്‍ പശ്ചിമഘട്ട മലനിരകളിലെ ചുള്ളിയോട് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനെ പ്രതിനിധാനം ചെയ്യുന്ന സ്റ്റാളും സമാന അനുഭവങ്ങളാണ് പങ്കുവച്ചത്. 200 ഏക്കറുള്ള റിസോര്‍ട്ടില്‍ കാപ്പി, കുരുമുളക്, കറുവാപ്പട്ട, ഗ്രാമ്പൂ, ജാതി തുടങ്ങി എല്ലാ സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്യുന്നു. കുരുമുളകിന്റെ വിളവെടുപ്പുകാലമായ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഗള്‍ഫ് എന്നിവിടങ്ങളില്‍നിന്നു സഞ്ചാരികളുടെ പ്രവാഹമാണ്. ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നും അതിഥികളെത്തും.
സഞ്ചാരികള്‍ക്ക് വിളവെടുപ്പില്‍ പങ്കെടുക്കാന്‍ ഏറെ ഇഷ്ടമാണ്. ഏലം പറിക്കാനും കറുവാപ്പട്ട പൊളിക്കാനുമെല്ലാം അവര്‍ക്ക് അവസരം നല്‍കാറുണ്ട്. കെടിഎമ്മില്‍ രണ്ടാംവട്ടമെത്തുന്ന ഈ റിസോര്‍ട്ടിന് ആദ്യ പങ്കാളിത്തത്തിനു ശേഷം ബിസിനസില്‍ നല്ല വളര്‍ച്ചയാണെന്നും ഡയറക്ടര്‍ പറഞ്ഞു.
വന്‍കിട റിസോര്‍ട്ടുകള്‍ മാത്രമല്ല സ്‌പൈസ് ടൂറിസത്തില്‍നിന്നു നേട്ടം കൊയ്യുന്നത്. ചെറുകിടക്കാര്‍ക്കും അവസരമുണ്ട്. മൂന്നാറിലെ പോത്തമേട്ടില്‍ അഞ്ചേക്കറില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലേക്ക് സഞ്ചാരികളെത്തുന്നതും ഏലക്കൃഷിയുടെ കൗതുകങ്ങള്‍ തേടിയാണ്. അഞ്ചുവര്‍ഷമായി ഈ റിസോര്‍ട്ട് സ്‌പൈസ് ടൂറിസത്തിലൂടെനിന്നു ലാഭം നേടുന്നു.
സെപ്റ്റംബറിലും ജനുവരി അവസാനവുമുള്ള വിളവെടുപ്പുകാലങ്ങളിലാണ് ഇവിടേക്ക് വിദേശ സഞ്ചാരികള്‍ ഏറെയെത്തുന്നത്. മറ്റു സമയങ്ങളില്‍ തദ്ദേശ സഞ്ചാരികളാണ് കൂടുതലെന്ന് റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു. ഏലം വിളവെടുക്കാന്‍ സഞ്ചാരികളെ പരിശീലിപ്പിക്കാറുണ്ട്. തങ്ങളുടെ സ്റ്റാളിന് ബയര്‍മാരില്‍നിന്ന് മികച്ച പ്രതികരണമാണെന്നും മാനേജര്‍ പറഞ്ഞു.