കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി

189

മാവേലിക്കര: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി. മാസത്തിലെ അവസാന പ്രവൃത്തി ദിനത്തിലാണു ശന്പളം നല്‍കേണ്ടത്. ഇന്നലെ വൈകുന്നേരംവരെയും ജീവനക്കാര്‍ക്ക് ശന്പളം ലഭിച്ചില്ല. ഇന്ന് അവധിയാണ്. നാളെയെങ്കിലും ശന്പളം കിട്ടുമെന്ന പ്രതീക്ഷയിലാണു ജീവനക്കാര്‍.എന്നാല്‍, ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജീവനക്കാരുടെ ശന്പളത്തില്‍ കുടിശികയില്ലെങ്കിലും മൂന്നു മാസത്തെ ഡ്യൂട്ടി സറന്‍ഡറാണു ലഭിക്കാനുള്ളത്. റീജണല്‍ വര്‍ക്ക്ഷോപ്പുകളിലേയും ഡിപ്പോകളിലേയും ജീവനക്കാരുടെ ശന്പളമാണു പൂര്‍ണമായി മുടങ്ങിയത്. കെ.എസ്.ആര്‍.ടി.സിയില്‍ ശന്പളം വൈകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഇതോടെ ജലരേഖയായി.കെ.എസ്.ആര്‍.ടി.ഇ.എ: സി.ഐ.ടി.യുവില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും ഇവര്‍ പറയുന്നതനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരുമാണ് ശന്പളം വൈകിപ്പിക്കുന്നതിനു പിന്നിലെന്നു യൂണിയനിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നുണ്ട്. എംപ്ലോയീസ് അസോസിയേഷന്‍റെ സംസ്ഥാന നേതൃത്വത്തില്‍ പ്രബല വിഭാഗം സി.പി.എമ്മിലെ ഔദ്യോഗിക പക്ഷത്തിനെതിരാണ്. ശക്തമായ വിഭാഗീയത അസോസിയേഷനില്‍ നിലനില്‍ക്കുന്നുണ്ട്. നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കുറച്ചു നാളുകളായി അവധിയിലുമാണ്. ഇതും വിഭാഗീയതയുടെ ഭാഗമാണെന്നും തൊഴിലാളികള്‍ പറയുന്നു. ശന്പളം മുടങ്ങില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അട്ടിമറിക്കാന്‍ ഒരു വിഭാഗം കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം അസോസിയേഷനില്‍ ശക്തമാണ്.

NO COMMENTS

LEAVE A REPLY