ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി അപമാനിച്ചുവെന്ന മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മതപ്രഭാഷകനെതിരെ കേസെടുത്തു

201

കോഴിക്കോട്: ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി അപമാനിച്ചുവെന്ന മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മതപ്രഭാഷകനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. ഖാദി മുസുന്ന ജനറല്‍ സെക്രട്ടറിയും പ്രമുഖ മതപ്രഭാഷകനുമായ നൗഷാദ് അഹ്സനിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മര്‍ക്കസില്‍ ധനമന്ത്രി തോമസ് ഐസക്കുമായുള്ള മുഖാമുഖം സംവാദത്തില്‍ വിവിധ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ അവസാനം തോമസ് ഐസക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് ഹസ്തദാനം നല്‍കിയിരുന്നു. ഈ പരിപാടിയെ വിമര്‍ശിച്ച്‌ നൗഷാദ് അഹ്സനി കോഴിക്കോട് കൊടുവള്ളിക്കടുത്ത് കരീറ്റിപറന്പില്‍ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.അന്യപുരുഷന്‍മാരുമായി ഇടകലരരുതെന്ന് പഠിപ്പിക്കുന്ന സംഘടനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ പണ്ഡിതരുടെ സാന്നിധ്യത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ നടന്നുവെന്നായിരുന്നു നൗഷാദ് അഹ്സനിയുടെ പ്രസംഗം.
താന്‍ തോമസ് ഐസക്കിന് ഹസ്തദാനം നല്‍കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ച്‌ ലൈഗിക ചുവയുള്ള പ്രസംഗം നടത്തിയെന്നതാണ് പെണ്‍കുട്ടിയുടെ പരാതി. പരസ്യമായി പൊതുവേദിയില്‍ നല്‍കിയ ഹസ്തദാനം പോലും തെറ്റായി ലൈംഗിക ചുവയോടെയാണ് അഹസ്നി അവതരിപ്പിച്ചതെന്നാണ് ആരോപണം. തിരുകേശ വിവാദമുണ്ടായപ്പോള്‍ എ.പി വിഭാഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട പ്രമുഖ മതപ്രഭാഷകനാണ് നൗഷാദ് അഹ്സനി. തുടര്‍ന്ന് ഖാദി മുസുന്ന എന്ന പേരില്‍ നൗഷാദ് അഹ്സനി പുതിയ സംഘടന രൂപീകരിച്ചത്.

NO COMMENTS

LEAVE A REPLY