ജില്ലയില്‍ കോവിഡ് 19 പരിശോധന വിപുലപ്പെടുത്തി – ജില്ലയില്‍ കൂടുതല്‍ റാപിഡ് ആന്റിജന്‍ പരിശോധന കേന്ദ്രങ്ങള്‍

30

കാസറഗോഡ് : കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനായി ജില്ലയില്‍ റാപിഡ് ആന്റിജന്‍ പരിശോധന വിപുലപ്പെടുത്തി യാതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ .എ വി .രാംദാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ചികില്‍സക്കെത്തുന്നവരില്‍ ജലദോഷം,പനി, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ അവിടെ വെച്ച് തന്നെ ആന്റിജന്‍ പരിശോധന നടത്തുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്.

കൂടുതല്‍പേര്‍ ചികിത്സക്കെത്തുന്ന ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളായ ജില്ലാ ജനറല്‍ ആശുപത്രികള്‍, താലൂക്കാശുപത്രികളായ തൃക്കരിപ്പൂര്‍ ,പനത്തടി ,മംഗല്‍പ്പാടി,ബേഡഡുക്ക, നീലേശ്വരം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളായ പെരിയ ചെറുവത്തൂര്‍ , കുടുംബാരോഗ്യകേന്ദ്രങ്ങളായ ഉദുമ ,ചിറ്റാരിക്കല്‍ ,എണ്ണപ്പാറ ,കരിന്തളം എന്നീ സ്ഥാപനങ്ങളിലാണ് പരിശോധനാകേന്ദ്രങ്ങള്‍ ആരംഭിച്ചത്.

ജില്ലയിലെ തീരദേശ മേഖലകളിലും മറ്റിടങ്ങളിലും മല്‍സ്യ വിപണനം നടത്തുന്ന ആള്‍ക്കാര്‍ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തില്‍ തീരദേശങ്ങള്‍ കേന്ദ്രീകരിച്ചു കാസറഗോഡ് കസബ കടപ്പുറം ,ഉദുമ തൃക്കണ്ണാട് ,അജാനൂര്‍ കടപ്പുറം ,തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം ,മടക്കര ഹാര്‍ബര്‍ എന്നീ അഞ്ചു പരിശോധന കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചു.

കോവിഡ് 19 പരിധോധനക്കു വിധേയമാകുന്നവര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചിട്ടുള്ള പരിശോധനാ കേന്ദ്രങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തികൊണ്ടു ജില്ലാ,ജനറല്‍ ആശുപത്രികളിലെ സ്രവപരിശോധനാ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

NO COMMENTS