കൊട്ടിയൂര്‍ ബാലപീഡനം : വൈത്തിരി ശിശുക്ഷേമസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു

234

തിരുവനന്തപുരം: വയനാട് വൈത്തിരിയിലെ ശിശുക്ഷേമസമിതി സർക്കാർ പിരിച്ചുവിട്ടു. ഫാ. റോബിൻ വടക്കുംചേരി ഉൾപ്പെട്ട കൊട്ടിയൂർ ബാലപീഡനക്കേസിൽ പ്രതിക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടി. സമിതി അധ്യക്ഷന്‍ ഫാ.തോമസ് തേരകത്തെയും അംഗം സിസ്റ്റര്‍ ബെറ്റി ജോസിനെയും പുറത്താക്കി. കോഴിക്കോട് ശിശുക്ഷേമസമിതിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വയനാട് ശിശുക്ഷേമസമിതി ഏറ്റെടുത്തത്. പ്രായത്തിലും പിന്നീട് തിരുത്തലുകൾ വരുത്തി. ഇതിനെ തുടർന്നാണ് സർക്കാർ കർശന നടപടി സ്വീകരിച്ചത്. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഒന്നാം പ്രതി ഫാ. റോബിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി ആവശ്യപ്പെട്ടാണു തലശേരി അഡീഷനല്‍ ജില്ലാ കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ബുധനാഴ്ച വാദം കേള്‍ക്കും. കുഞ്ഞിന്‍റെയും ഫാ.റോബിന്‍റെയും രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷം ഫാദറിനെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കേസിലെ മൂന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളും എട്ടാം പ്രതിയും തലശേരി അഡീഷനല്‍ ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ആശുപത്രിയിലെ ഡോക്ടറും മൂന്നാം പ്രതിയുമായി സിസ്റ്റർ ടെസി ജോസ്, നാലാം പ്രതി ഡോ.ഹൈദരാലി, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റർ ആന്‍സി മരിയ, വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലെ സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ എന്നിവരാണു മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

NO COMMENTS

LEAVE A REPLY