സര്‍ക്കാരിനു മുകളില്‍ ഒരു ഒാഫീസറും പറക്കേണ്ട; കോടിയേരി ബാലകൃഷ്ണന്‍

166

സിപിഎം തിരുവനന്തപുരം ജില്ലാ ഒാഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനു മുകളില്‍ ഒരു ഒാഫീസറും പറക്കേണ്ട. സിപിഎം നിരോധിച്ച പാര്‍ട്ടിയല്ല. റെയ്ഡ് ആസൂത്രിതമെന്ന് കരുതുന്നില്ല, പബ്ളിസിറ്റിക്കുവേണ്ടിയാണ് പരിശോധനയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ പരിശോധനയില്‍ നിയമപരമായി തെറ്റില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചൈത്രക്കെതിരെ നടപടിയ്ക്കും ശുപാര്‍ശ ചെയ്യാതെ എ.ഡി.ജി.പി മനോജ് എബ്രഹാം റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. എന്നാല്‍ ജാഗ്രത കുറവുണ്ടായെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ചൈത്രയുടെ നടപടിയെ മുഖ്യമന്ത്രി തള്ളിയതോടെ നടപടിയുണ്ടാകുമോയെന്നതില്‍ ഡി.ജി.പിയുടെ നിലപാട് നിര്‍ണായകമാവും.

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് കൈമാറിയത്. പരിശോധന നടപടിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നുണ്ട്. പ്രതികളെ പിടിക്കാനുള്ള അന്വേഷണത്തിനിടയില്‍ ലഭിച്ച വിവരപ്രകാരമായിരുന്നു പരിശോധന. അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടറും കൂടെയുണ്ടായിരുന്നു. പിറ്റേദിവസം തന്നെ സെര്‍ച്ച് റിപ്പോര്‍ട്ടടക്കം കോടതിയില്‍ നല്‍കിയതിനാല്‍ ചട്ടലംഘനമില്ല. പ്രതികളില്ലെന്ന് ബോധ്യമായതോടെ മറ്റ് പ്രശ്നങ്ങള്‍ സൃഷ്ടിക്കാതെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പിന്‍മാറിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ രാത്രിയില്‍ കയറുമ്പോള്‍ ക്രമസമാധാന പ്രശ്ന സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താമായിരുന്നു.

കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണമായിരുന്നൂവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട വിഷയമായതിനാല്‍ റിപ്പോര്‍ട്ട് ഡി.ജി.പി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയെ അറിയിക്കും. പാര്‍ട്ടി ഓഫീസില്‍ പരിശോധിച്ചിട്ടും പ്രതിയെ കിട്ടിയില്ലെന്നതാണ് ചൈത്രക്ക് തിരിച്ചടിയായിരിക്കുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രിയും പുറത്ത് സി.പി.എമ്മും ഇത് ആയുധമാക്കിയതോടെ ചൈത്രക്കെതിരായ നടപടി തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തല്‍. ചൈത്രയിപ്പോള്‍ ക്രമസമാധാന ചുമതലയില്ലാത്ത വനിത സെല്‍ എസ്.പിയായതിനാല്‍ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റം ഉണ്ടായേക്കില്ല. ശാസനയിലോ താക്കീതിലോ ഒതുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. അതിനാല്‍ ഡി.ജി.പിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രിയെടുക്കുന്ന നിലപാടനുസരിച്ചാവും തീരുമാനം.

NO COMMENTS