സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് കോടിയേരി

144

തിരുവനന്തപുരം : സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങളുടെ എല്ലാം കാരണം യു.ഡി.എഫ് സര്‍ക്കാരാണെന്നും അവരുടെ പാപഭാരം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ടെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്വാശ്രയ മാനേജ്മെന്റുകളെ ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. ഇവയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരിക തന്നെ ചെയ്യും. മെഡിക്കല്‍ പ്രവേശനം നേടിയ ഒരാളുടെയും പഠനം മുടങ്ങാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനം ഇപ്പോള്‍ സങ്കീര്‍ണ്ണമായി. പണമുള്ളവന്‍ പഠിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കം.
സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം കേരളം ഭരിച്ച യു ഡി എഫ് സര്‍ക്കാരുകളാണ്. അവരുടെ പാപഭാരം എല്‍ ഡി എഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അത് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.