വി.എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതായി രേഖാമൂലം അറിയിച്ചതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

197

തിരുവനന്തപുരം: ഭരണ പരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതായി വി.എസ് അച്യുതാനന്ദന്‍ രേഖാമൂലം അറിയിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
അക്കാര്യത്തില്‍ ആശയക്കുഴപ്പമില്ല. സ്ഥാനം ഏറ്റെടുത്തതായി അദ്ദേഹം സര്‍ക്കാരിനെ അറിയിച്ച്‌ കഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ പ്രസ്താവന എന്തു കൊണ്ടാണെന്ന് അറിയില്ല. മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ തലത്തിലാണ് നടത്തേണ്ടത്. കോടിയേരി വ്യക്തമാക്കി.വിഎസ് ചുമതലയേറ്റെടുക്കാത്തത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്തു കൊണ്ടാണ് ചുമതലയേറ്റെടുക്കാത്തതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പ്രഖ്യാപിച്ചവരോടു തന്നെ ചോദിക്കണം.അവരാണ് വിശദമാക്കേണ്ടത്. നിങ്ങള്‍ അവരെ തന്നെ സമീപിക്കുക എന്നായിരുന്നു വി.എസ് രാവിലെ മറുപടി നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്നാണ് കോടിയേരി വിശദീകരണവുമായി രംഗത്തെത്തിയത്.ഭരണപരിഷ്കാര കമ്മിഷന്‍ നിലവില്‍വന്നതായി ആഗസ്ത് ആറിനാണ് ഉത്തരവിറങ്ങിയത്. അതിന്റെ തുടര്‍ച്ചയായി കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സും ചെയര്‍മാന്റെ സ്റ്റാഫ് പാറ്റേണും നിശ്ചയിച്ച്‌ ആഗസ്ത് 30നും ഉത്തരവ് ഇറങ്ങി. എന്നാല്‍ ചെയര്‍മാനായി നിശ്ചയിച്ച വി.എസ്.അച്യുതാനന്ദനെ ഇക്കാര്യം സര്‍ക്കാരോ പാര്‍ട്ടിയോ അറിയിച്ചിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനിടയിലാണ് വിഎസ് ചുമതലയേറ്റതായി രേഖാമൂലം അറിയിച്ചിരുന്നുവെന്ന കോടിയേരി വെളിപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY