കൊച്ചി ബിനാലെയ്ക്ക് ഇനി നൂറു നാള്‍

199

കൊച്ചി: രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം ലക്കത്തിന് ഇനി നൂറു നാള്‍. ഡിസംബര്‍ 12-ാം തിയതിയാണ് 108 ദിവസം നീണ്ടു നില്‍ക്കുന്ന ബിനാലെയ്ക്ക് തുടക്കമാകുന്നത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ ബിനാലെയാണിത്.
ബിനാലെയുടെ പ്രമേയവും അതില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെയും വിശദാംശങ്ങള്‍ ഈ മാസം ഫൗണ്ടേഷന്‍ പുറത്തു വിടും. പ്രശസ്ത ആര്‍ട്ടിസ്റ്റായ സുദര്‍ശന്‍ ഷെട്ടിയാണ് കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍.

പ്രശസ്ത ആര്‍ട്ടിസ്റ്റുകളായ റിയാസ്‌കോമു, ബോസ്‌കൃഷ്ണമാചാരി എന്നിവര്‍ചേര്‍ന്ന് 2010 ലാണ്‌കൊച്ചി മുസിരിസ് ബിനാലെ എന്ന ആശയം സാക്ഷാത്കരിക്കുന്നത്. തുടക്കം മുതല്‍ തന്നെ കലാപരമായ ഇടപെടലുകള്‍ക്കും ചര്‍ച്ചകള്‍ക്കും ആശയ സംഹിതകള്‍ക്കുമുള്ള ഉറവിടത്തിന്റെ കേന്ദ്രമായാണ് ബിനാലെ പ്രവര്‍ത്തിച്ചു പോരുന്നത്. പരമ്പരാഗത-വര്‍ത്തമാന കാലങ്ങളുടെ പ്രതിഫലനമാണ് കൊച്ചി നഗരം. ഈ അന്തസ്സത്തയാണ് കൊച്ചി ബിനാലെയും ഉള്‍ക്കൊള്ളുന്നത്.

2010ലും 2014ലും നടന്ന ബിനാലെകള്‍ പത്തുലക്ഷത്തോളം സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു. ഇക്കുറിയും മികച്ച പ്രതികരണം സന്ദര്‍ശകരില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയുടെ ചരിത്രവും ബഹിര്‍സ്ഫുരതയുമൊക്കെയാണ് ബിനാലെയുടെ മുഖമുദ്ര. ഇവിടുത്തെ കെട്ടിടനിര്‍മ്മിതികളില്‍ അതുദൃശ്യമാണ്. നഗരത്തിലും കായല്‍ തീരത്തുമായുള്ള അഞ്ച് ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ബിനാലെയ്ക്കായി ഉപയോഗിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസായിരിക്കും ഇത്തവണയും പ്രധാന വേദി. ഓഫീസ്, ഗോഡൗണ്‍, പാര്‍പ്പിടം എന്നിങ്ങനെ വിവിധ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നസമുച്ചയമാണ് ആസ്പിന്‍വാള്‍. ഗുജ്‌റാള്‍ ഫൗണ്ടേഷനും ഡിഎല്‍എഫും സംയുക്തമായാണ് ഈ സമുച്ചയം കൊച്ചി ബിനാലെയ്ക്ക് നല്‍കിയിരിക്കുന്നത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എറണാകുളത്തെ ഡര്‍ബാര്‍ ഹാള്‍, ഫോര്‍ട്ട് കൊച്ചിയിലെ നവീകരിച്ച ഡച്ച് ബംഗ്ലാവ്, ഡച്ച് മാതൃകയില്‍ നിര്‍മ്മിച്ച പെപ്പര്‍ ഹൗസ് എന്നിവയാണ് മറ്റ്‌വേദികള്‍. ചരിത്രമുറങ്ങുന്ന ഈ വേദികളെല്ലാം പൊതുജനങ്ങള്‍ക്ക് ബിനാലെ കാലയളവില്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.

NO COMMENTS

LEAVE A REPLY