മലയാള മെലഡിയും ഹിന്ദുസ്ഥാനിയും നിറഞ്ഞു നിന്ന് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

199

കൊച്ചി: മലയാളിയുടെ പ്രിയ മെലഡികളും ഹിന്ദുസ്ഥാനിയില്‍ സംഗീത പ്രേമികളുടെ മനസില്‍ കോറിയിട്ട ഗാനങ്ങളുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഗീത സാന്ത്വന പരിപാടി എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേറിട്ട അനുഭവമായി. ഡല്‍ഹി ഹന്‍സ് രാജ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി എസ് രാം വിശാഖും എറണാകുളം നേവല്‍ ബേസിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗോപിക എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്.ആദ്യമായാണ് കേരളത്തിന് വെളിയില്‍ നിന്ന് ഒരു ഗായകന്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ പാടാനെത്തുന്നത്. രണ്ടുപേരും വിദ്യാര്‍ത്ഥികളാണെന്ന പ്രത്യേകതയും 164-ാമത്തെ ലക്കത്തിനുണ്ട്. കൊച്ചി-ബിനാലെ ഫൗണ്ടേഷന്‍, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിച്ചു വരുന്നത്. മന്നാ ഡേ നിത്യഹരിതമാക്കിയ പൂഛോ ന കൈസേ എന്നു തുടങ്ങുന്ന ഗാനത്തോടെ രാം വിശാഖാണ് പരിപാടി ആരംഭിച്ചത്. പിന്നീട് ഹിന്ദി മലയാളം ഗാനങ്ങള്‍ ഇരുവരും മാറി മാറി അവതരിപ്പിച്ചു. മലയാളം മെലഡിയും ഹിന്ദുസ്ഥാനി ഈണവും ശ്രോതാക്കളെ ഏറെ ആകര്‍ഷിച്ചു.

സുറുമൈ അഖിയോം മേം, ജബ് ദീപ് ജലേ ആനാ, മന് രെ തൂ കഹാം ഥെ, ജൂമ് ലെ, യാ നസാമ് ഖുല്‍ പായാ, ഹര്‍ ഘടി ബദല്‍ രഹി ഹൈ എന്നീ ഗാനങ്ങള്‍ രാംവിശാഖ് പാടി. വിശ്വം കാക്കുന്ന നാഥാ, ശാരികേ എന്‍ ശാരികേ, തേനും വയമ്പും, കാത്തിരുന്നു കാത്തിരുന്നു, ദില്‍ ഖൂം ഖൂം കരെ എന്നീ ഗാനങ്ങളാണ് ഗോപിക അവതരിപ്പിച്ചത്. ഏഴാം വയസുമുതല്‍ സംഗീതാഭ്യാസം തുടങ്ങിയ രാം വിശാഖ് ഡല്‍ഹിയിലെ പ്രശസ്തമായ ഗാന്ധര്‍വ മഹാവിദ്യാലയത്തില്‍ പത്തു വര്‍ഷം സംഗീതാഭ്യാസം നടത്തി. പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് മധൂപ് മുദ്ഗലിന്റെ മകള്‍ സാവനി മുദ്ഗലിന്റെ കീഴിലായിരുന്നു പരിശീലനം. പൂനയിലെ അഖില ഭാരതീയ ഗാന്ധര്‍വ മഹാവിദ്യാലയ മണ്ഡലില്‍ നിന്നും സംഗീത വിശാരദ് രണ്ടാം ഘട്ടം പാസായ വിശാഖ് സ്‌കൂളിലും കോളേജിലും നിരവധി സംഗീതമത്സരങ്ങളിലെ വിജയിയാണ്. ഭീംസെന്‍ ജോഷിയുടെ ശിഷ്യനായ ഡോ ഹരിഷ് തിവാരിയുടെ കീഴില്‍ ഒരുവര്‍ഷം് രാം വിശാഖ് അധ്യയനം നടത്തിയിട്ടുണ്ട്. പണ്ഡിറ്റ് സാരഥി ചാറ്റര്‍ജിയുടെ കീഴിലാണ് ഇപ്പോള്‍ സംഗീത പഠനം.

NO COMMENTS

LEAVE A REPLY