കലാ പരീക്ഷണങ്ങള്‍ക്ക് ബിനാലെ അര്‍ഹിച്ച അംഗീകാരം നല്‍കുന്നു: അതുല്‍ ദോദിയ

238

കൊച്ചി: ആധുനിക-സമകാലീന കലയിലെ പരീക്ഷണങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചതാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ വിജയമെന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റ് അതുല്‍ ദോദിയ പറഞ്ഞു. ഈ ആശയങ്ങളെ സമന്വയിപ്പിക്കാന്‍ ക്യൂറേറ്റര്‍ നടത്തിയ പരിശ്രമം അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ മൂന്നാം ലക്കം സന്ദര്‍ശിക്കാന്‍ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലെത്തിയതായിരുന്നു ആദ്യ ബിനാലെയിലെ ആര്‍ട്ടിസ്റ്റുകൂടിയായിരുന്ന അതുല്‍. രാജ്യാന്തര തലത്തിലെ കലാസ്വാദകര്‍ പോലും ഉറ്റു നോക്കുന്ന പ്രദര്‍ശനമായി കൊച്ചി ബിനാലെയ്ക്ക് മാറാന്‍ കഴിഞ്ഞത് ഏറെ സന്തോഷം തരുന്നുവെന്ന് അതുല്‍ ദോദിയ ചൂണ്ടിക്കാട്ടി. ആദ്യ ബിനാലെയിലെ അനുഭവം തികച്ചും അപരിചിതമായിരുന്നു. എന്നാല്‍ മൂന്നാം ബിനാലെയിലെത്തുമ്പോള്‍ കലാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിരുന്നായി ബിനാലെയ്ക്ക് മാറാനായി. കഴിഞ്ഞ ഒരു ദശാബ്ദം കലാലോകത്ത് വലിയ പരീക്ഷണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നടന്നുവരികയാണ്. സത്ത നഷ്ടപ്പെടാതെ അവയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്നത് ശ്രമകരമാണ്. ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെ കഴിവ് നാം മനസിലാക്കിയത് ഇവിടെയാണ്. സിനിമ, സാഹിത്യം, ശ്രവ്യകല എന്നിവയിലേക്കെല്ലാം ബിനാലെയെ കൊണ്ടുപോകാന്‍ അദ്ദേഹത്തിനായി. സ്വന്തമായി സാംസ്‌കാരികമായ ഒരിടം ബിനാലെ ഉണ്ടാക്കിയിട്ടുണ്ട്. ഏതെങ്കിലുമൊരു പ്രമേയത്തിലോ കലാപ്രയോഗത്തിലോ കൊച്ചി ബിനാലെയെ ഒതുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാട്ടുകാരുടെ പങ്കാളിത്തം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അതുല്‍ പറഞ്ഞു. ആധുനിക-സമകാലീന കലാസൃഷ്ടികള്‍ സാധാരണക്കാരന് ആസ്വദിക്കാനുള്ളതല്ലെന്ന ധാരണ ഇന്ത്യയില്‍ പൊതുവെ രൂപപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കൊച്ചി ബിനാലെ ഈ ധാരണകളെ തകിടം മറിച്ചു. ഇവിടെ സാധാരണക്കാരാണ് ബിനാലെ കാണാനെത്തിയവരില്‍ അധികവും. വിദ്യാസമ്പന്നരുടെ നാടാണ് കേരളമെന്നത് തെളിയിക്കുന്നതാണ് ഈ പങ്കാളിത്തം എന്നും അതുല്‍ പറഞ്ഞു. ബിനാലെ സൃഷ്ടിക്കുന്നത് ഒരു ബാന്ധവം കൂടിയാണ്. രാഷ്ട്രീയവും സാമൂഹ്യവുമായ ആശങ്കകള്‍ ലോകത്ത് നിലനില്‍ക്കുന്ന കാലത്ത് ഭൂമിയുടെ വ്യത്യസ്ത കോണുകളിലുള്ള മനുഷ്യര്‍ കലയുടെ മേല്‍വിലാസത്തില്‍ ഒന്നിക്കുന്നു. ആശങ്കകളെ ഏതെങ്കിലും രാജ്യത്തിന്റെ അതിര്‍വരമ്പില്‍ ഒതുക്കി നിറുത്താതെ കലയിലൂടെ പരസ്പരം ആശയവിനിമയം നടത്തുന്നതാണ് ബിനാലെയിലെ കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു.
പെപ്പര്‍ ഹൗസിലെ സ്പാനിഷ് ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടി ഏറെ ഇഷ്ടപ്പെട്ടു. മനസിനെ അസ്വസ്ഥമാക്കുന്ന എന്തോ ഒന്ന് ആ പ്രമേയത്തിലുണ്ടെന്നാണ് അതുല്‍ ദോദിയയുടെ അഭിപ്രായം.​​

NO COMMENTS

LEAVE A REPLY