കിഴക്കന്‍ യൂറോപ്പിലും സ്‌പെയിനിലും ബിനാലെ മുന്‍നിര്‍ത്തി കേരളാ ടൂറിസം റോഡ് ഷോ

180

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി കൊച്ചി മുസിരിസ് ബിനാലെക്ക് പ്രാമുഖ്യം നല്‍കി റോഡ് ഷോയുമായി കേരള ടൂറിസം. മൂന്നു പതിപ്പിനുള്ളില്‍തന്നെ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ബിനാലെയിലൂടെ നേട്ടംകൊയ്യാന്‍ കേരള ടൂറിസം പദ്ധതിയിട്ടിരിക്കുന്നത് പ്രധാനമായും യൂറോപ്പിനെ ലക്ഷ്യമിട്ടാണ്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഈ ദൃശ്യകലാമേളയാണ് സ്‌പെയിന്‍, ചെക്ക് റിപ്പബ്ലിക്, ഉക്രയ്ന്‍, റഷ്യ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച്ച നടത്തിയ റോഡ് ഷോകളിലെ പ്രധാന ഇനം. സംസ്ഥാന ടൂറിസം വകുപ്പ് പുറത്തിറക്കിയ ബിനാലെയെക്കുറിച്ചുള്ള മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബാര്‍സലോന (സ്‌പെയിന്‍), പ്രാഗ് (ചെക്ക് റിപ്പബ്ലിക്), സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് (റഷ്യ), കീവ് (ഉക്രെയ്ന്‍) എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ബിനാലെകള്‍ അന്താരാഷ്ട്ര മേളകള്‍ ആയതിനാല്‍ ലോകത്തുടനീളമുള്ള കലാകാര•ാരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കാറുണ്ട്.

കേരളത്തിന്റെ തനത് പാരമ്പര്യവും രീതികളും കൂടുതല്‍ സഞ്ചാരികളിലേക്ക് എത്തിക്കുന്നതിന് റോഡ് ഷോകള്‍ സഹായിക്കുമെന്ന് ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ അനുപമമായ ആയുര്‍വേദ പൈതൃകം റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. കൊച്ചി മുസിരിസ് ബിനാലെ ഇന്ത്യയിലേയും വിദേശത്തേയും പുതുയുഗ യാത്രികര്‍ക്കും കലാ ആസ്വാദകര്‍ക്കും ആകാര്‍ഷണീയമായ ഉത്പ്പന്നമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാര്‍സലോണയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും നടത്തിയ റോഡ് ഷോകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. ആയുര്‍വേദത്തിനും പാരമ്പര്യ സുഖചികിത്സയ്ക്കും പ്രശസ്തമായ കേരളത്തെ കലാ-ആസ്വാദന ലക്ഷ്യസ്ഥാനം എന്ന നിലയില്‍കൂടി പ്രചരണം നല്‍കാനാണ് ശ്രമിക്കുന്നത്. ബാര്‍സലോണയിലെയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേയും കേരള ടൂറിസം സംഘത്തെ നയിച്ച ഡോ. വേണു ഈ നഗരങ്ങളിലുള്ളവര്‍ക്ക് കൊച്ചി ബിനാലെ പരിചിതമാണെന്നും വ്യക്തമാക്കി. കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനമാണ് റഷ്യക്കുള്ളത്. 2015ല്‍ 32,726 റഷ്യക്കാരാണ് കേരളത്തിലെത്തിയത്. സ്‌പെയിനിലും കേരള ടൂറിസം വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. 2015ല്‍ 14,187 വിനോദസഞ്ചാരികളാണ് സ്‌പെയിനില്‍നിന്ന് കേരളത്തിലെത്തിയത്. ബാര്‍സലോണയില്‍ 71, പ്രാഗില്‍ 70, സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 80 എന്നിങ്ങനെ ബയര്‍മാര്‍ റോഡ് ഷോകളില്‍ പങ്കെടുത്തു. ഏറെ ആവേശത്തോടെ ഈ നഗരങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അടുത്ത ഘട്ടം ടൂര്‍ പാക്കേജുകളില്‍ ബിനാലെയും ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞു.

റോഡ് ഷോകള്‍ക്കൊപ്പം ഗോ കേരള മത്സരവും സംഘടിപ്പിച്ചിരുന്നു. വിജയിക്ക് സൗജന്യ കേരള ഹോളിഡേ പാക്കേജും ഫ്‌ളൈറ്റ് ടിക്കറ്റും താമസവും ലഭിക്കും. പ്രാഗിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും എമിറേറ്റ്‌സ് എയര്‍ലൈന്‍സും ബാര്‍സലോനയില്‍ ഖത്തര്‍ എയര്‍വേയ്‌സും വിമാനടിക്കറ്റ് നല്‍കി സ്‌പോണ്‍സര്‍മാരായി. ബാര്‍സലോനയിലെ യൂറോപ്യന്‍ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടന്ന റോഡ് ഷോയില്‍ സ്‌പെയിനിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ. ഡി.ബി വെങ്കടേഷ് വര്‍മ്മ പങ്കെടുത്തു. പ്രാഗിലെ ചെക്ക് മ്യൂസിയം ഓഫ് മ്യൂസിക്കില്‍ നടന്ന റോഡ് ഷോയില്‍ പ്രാഗിലെ ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഡോ. വെങ്കടാചലം എം. പങ്കെടുത്തു. കീവില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച റോഡ് ഷോ ഉക്രയ്‌നില്‍ കേരള ടൂറിസത്തിന്റെ ആദ്യ പ്രചരണമാണ്. 85 ബയര്‍മാര്‍ പങ്കെടുത്ത റോഡ്‌ഷോയില്‍ കേരളത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തില്‍നിന്നുള്ള ഹോട്ടല്‍-റിസോര്‍ട്ട് ഉടമസ്ഥരും ടൂര്‍ ഓപ്പറേറ്റര്‍മാരും സേവനദാതാക്കളും അടങ്ങിയ സംഘത്തിന് പുതിയ ടൂറിസം ഉത്പ്പന്നങ്ങളുടെയും പുതിയ വിനോദസഞ്ചാരലക്ഷ്യസ്ഥാനങ്ങളുടെയും ശ്രേണി പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചു.

NO COMMENTS

LEAVE A REPLY