കമ്പ്യൂട്ടര്‍ ഭാവനയില്‍ 360 ഡിഗ്രി സാങ്കേതിക വിദ്യയോടെ നാല് ബിനാലെ ഡോക്യുമെന്ററികള്‍

225

കൊച്ചി: സമാന്തര കലാപ്രകടനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി-മുസിരിസ് ബിനാലെയില്‍ നടക്കുന്ന പ്രശസ്ത ചലച്ചിത്രകാരന്‍ ആനന്ദ ഗാന്ധിയുടെ വെര്‍ച്വല്‍ റിയാലിറ്റി വീഡിയോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. സാമൂഹ്യ പ്രാധാന്യമുള്ള നാല് ഡോക്യുമെന്ററികളാണ് 360 ഡിഗ്രി ദൃശ്യചാരുതയില്‍ സന്ദര്‍ശകര്‍ക്ക് മുന്നിലെത്തുന്നത്. കൊച്ചി ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ഹൗസിലെ പവിലിയനിലാണ് ആനന്ദ് ഗാന്ധിയുടെ പ്രദര്‍ശനം എല്‍സ്‌വിആര്‍ ഒരുക്കിയിട്ടുള്ളത്. ആറുമിനിട്ടോളം വരുന്ന നാല് ഡോക്യുമന്ററികളാണ് പ്രദര്‍ശനത്തില്‍. കാലിക പ്രാധാന്യമുള്ളതാണ് വിഷയങ്ങളെന്ന് എല്‍സ്‌വിആര്‍ ടീമംഗം അഭിഷേക് ലാംബ പറഞ്ഞു. ത്രയംബകേശ്വര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള ‘റൈറ്റ് റ്റു പ്രേ’ (പ്രാര്‍ഥിക്കാനുള്ള അവകാശം) ഇത്തരത്തില്‍ ഒന്നാണ്. ‘കാസ്റ്റ് ഈസ് നോട്ട് എ റൂമര്‍’ (ജാതി കേട്ടുകേള്‍വിയല്ല) എന്നത് ദളിതുകളെയും മുസ്ലീങ്ങളെയും പശുസംരക്ഷകര്‍ മര്‍ദ്ദിക്കുന്നതിനെക്കുറിച്ചുള്ളതാണ്. ‘വെന്‍ ലാന്റ് ലോസ്റ്റ് ഡു വി ഈറ്റ് കോള്‍’ (ഭൂമി നഷ്ടപ്പെടുമ്പോള്‍ ഞങ്ങള്‍ കല്‍ക്കരി ഭക്ഷിക്കണോ?) എന്ന ഡോക്യുമന്ററി ഛത്തീസ്ഗഢിലെ കല്‍ക്കഖരി ഖനിക്കു വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന 21 ലക്ഷം ജനങ്ങളുടെ കഥയാണ്. 1987 മുതല്‍ രാജ്യം നേരിട്ട വെള്ളപ്പൊക്കങ്ങളില്‍ കഷ്ടതയനുഭവിക്കുന്നവരുടെ കഥയാണ് സബ്‌മെര്‍ജ്ഡ്.

കാഴ്ചക്കാരെ പ്രമേയത്തിനുള്ളിലേക്ക് കയറ്റുകയാണ് വെര്‍ച്വല്‍ റിയാലിറ്റി ചെയ്യുന്നതെന്ന് അഭിഷേക് പറഞ്ഞു. ഒരു വാര്‍ത്ത കാണുന്നതിലധികം ഈ വിഷയവുമായി ബന്ധപ്പെടാന്‍ സാധിക്കും. പ്രശ്‌നത്തിനുള്ളില്‍ കാഴ്ചക്കാരന്‍ ജീവിക്കുന്നതു പോലുള്ള അനുഭൂതിയാണിതില്‍ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കാവുന്ന വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റുകള്‍ കൊണ്ടാണ് ബിനാലെയില്‍ ഇതിന്റെ പ്രദര്‍ശനം നടക്കുന്നത്. കഥയും കാഴ്ചക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ പൂര്‍ണമായ പൊളിച്ചെഴുത്താണിതെന്നും അഭിഷേക് പറയുന്നു. മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ അടിസ്ഥാനമാക്കിയാണ് ഇത് ചെയ്യുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലുള്‍പ്പെടെയുള്ള സംഘടനകളുമായും സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇത് നടാടെയാണ് അവതരിപ്പിക്കുന്നത്. മൂന്നു മാസം കൂടുമ്പോള്‍ രണ്ടു സിനിമകളെങ്കിലും പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. വെര്‍ച്വല്‍ പ്രദര്‍ശനങ്ങള്‍ക്ക് മാത്രമായുള്ളതല്ല ഈ സിനിമകള്‍. സിനിമകള്‍ കാണാനും പ്രമേയം ചര്‍ച്ച ചെയ്യാനുമായി മുംബൈയില്‍ വെര്‍ച്വല്‍ സിനിമ ക്ലബ് തുടങ്ങാനുള്ള ശ്രമത്തിലാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍.

ഷിപ്പ് ഓഫ് തീസിയുസ് എന്ന സിനിമയിലൂടെ പ്രശസ്തനായ ആനന്ദ് ഗാന്ധിയുടെ മെമിസിസ് ലാബ് ആണ് എല്‍സ് വിആറിന് രൂപം നല്‍കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തെ വെര്‍ച്വല്‍ റിയാലിറ്റിയുമായി കൂടിച്ചേര്‍ത്താണ് ഇതിന്റെ പ്രവര്‍ത്തനം. തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളും തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളും അിറവും മറ്റുള്ളവര്‍ക്ക് പകര്‍ത്തുന്നത് മാനവിക കുലത്തിന്റെ പരിണാമത്തിനൊപ്പം നടന്ന കാര്യമാണ്. ആദ്യ ഗുഹാചിത്രം മുതല്‍ ഇക്കാര്യത്തിന് തുടക്കമായി. പലഘട്ടങ്ങളിലൂടെ കടന്നു പോയ ഈ പ്രക്രിയയില്‍ വെര്‍ച്വല്‍ റിയാലിറ്റി നാഴികക്കല്ലാണെന്ന് ആനന്ദ് ഗാന്ധി പറഞ്ഞു. മാര്‍ച്ച് 29 ന് ബിനാലെ അവസാനിക്കുന്നതു വരെ ഈ പ്രദര്‍ശനം ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ഉണ്ടാകും.

NO COMMENTS

LEAVE A REPLY