വേറിട്ട പ്രമേയവുമായി ബിനാലെയില്‍ ‘മറുപക്കം’ തമിഴ് സിനിമ പാക്കേജ്

250

കൊച്ചി: പാര്‍ശ്വവല്‍കരിക്കപ്പെട്ട ജീവിതങ്ങളെ പ്രമേയമാക്കിയ തമിഴ് സിനിമാ പാക്കേജിന് കൊച്ചി-മുസിരിസ് ബിനാലെയില്‍ തുടക്കമായി. ബൃഹത്തായ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് പാക്കേജില്‍ ഉള്‍പ്പെടുന്ന സിനിമകളും ഡോക്കുമെന്ററികളും. നാലു ദിവസം നീളുന്ന പാക്കേജിന് ‘മറുപക്കം’ എന്നാണ് പേരിട്ടിരിക്കുന്നത്. ചലച്ചിത്രപ്രവര്‍ത്തകനായ അമുദന്‍ ആര്‍.പി-യാണ് ഈ പാക്കേജിന് രൂപം നല്‍കിയത്. ചെന്നൈ സ്വദേശിയായ അമുദന്‍ ഡോക്കുമെന്ററി സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമാണ്. നാലു ദിവസങ്ങളിലായി 19 സിനിമകളാണ് അമുദന്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ജാതി വ്യവസ്ഥ, ആണവ വികിരണം, വികസനം എന്നിവയിലൂന്നിയാണ് സിനിമകള്‍ അദ്ദേഹം തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടില്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം ലഭിക്കാത്ത ശബ്ദം കേള്‍പ്പിക്കാനാണ് ഈ പ്രമേയം അടിസ്ഥാനമാക്കി ചലച്ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്തതെന്നദ്ദേഹം പറഞ്ഞു. ബഹുസ്വരവും, യുക്തിഭദ്രവും ഏവരെയും ഉള്‍ക്കൊള്ളുന്നതാണ് തമിഴ്‌നാടിന്റെ ശബ്ദം. അതില്‍ വൈരുദ്ധ്യങ്ങളുണ്ടാകാം പക്ഷെ അതൊന്നും പ്രാധാന്യത്തെ കുറയ്ക്കുന്നില്ലെന്ന് അമുദന്‍ പറഞ്ഞു. പ്രാദേശിക കലാകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അധ്യാപകര്‍ എന്നിവരുടെ സഹകരണത്തോടെ മധുരൈ ഇന്റര്‍നാഷണല്‍ ഡോക്യുമന്ററി ആന്‍ഡ് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ 1998 മുതല്‍ വര്‍ഷംതോറും അദ്ദേഹം നടത്തി വരുന്നു.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ വിവിധ മുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഡോക്യുമന്ററികളും സിനിമയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം മൂലം സര്‍വതും നഷ്ടപ്പട്ട് സ്ഥലഭ്രംശം സംഭവിച്ചവരാണിവര്‍. ഇതു കൂടാതെ സ്വാതന്ത്ര്യ സമരത്തിലെ വീരേതിഹാസമായ സുബ്രഹ്മണ്യ ഭാരതിയെക്കുറിച്ചുള്ള സിനിമയും പാക്കേജിന്റെ ഭാഗമാണ്. സാഹസികത നിറഞ്ഞ തമിഴ്‌നാടിന്റെ സ്വതന്ത്രമായ സംസ്‌കാരം ‘മറുപക്ക’ത്തിലൂടെ ആഘോഷിക്കപ്പെടുകയാണ്. ഈ പാക്കേജിലെ ചില സംവിധായകര്‍ ഇന്ത്യയൊട്ടാകെ അറിയപ്പെടുകയും അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. അവരുടെ സിനിമകള്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തവയാണ്. മുഖത്തടിച്ച പോലുള്ളതും, സൂക്ഷ്മവും, നിരീക്ഷണ സ്വഭാവമുള്ളതും, ലാളിത്യമുള്ളതുമായ പ്രമേയങ്ങള്‍ പാക്കേജിലുണ്ടാകുമെന്നും അമുദന്‍ പറഞ്ഞു. ഇന്ന്(24.02.2017) സുബ്രഹ്മണ്യ ഭാരതിയെക്കുറിച്ചുള്ള അംശന്‍ കുമാറിന്റെ ഡോക്യുമന്ററി, ലീന മണിമേഖലയുടെ വൈറ്റ് വാന്‍ സ്‌റ്റോറീസ് എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സോമതീരം സംവിധാനം ചെയ്ത മുല്ലത്തീവ് എ സാഗ, പ്രസന്ന രാമസ്വാമിയുടെ ഡിസൈര്‍ഡ് മെലഡി എന്നിവ ശനിയാഴ്ച പ്രദര്‍ശിപ്പിക്കും.അവസാന ദിവസത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് വെങ്കിടേശ് ചക്രവര്‍ത്തിയുടെ ചെന്നൈ ദി സ്പ്ലിറ്റ് സിറ്റി, അമുദന്‍ ആര്‍ പിയുടെ സെരുപ്പ് എന്നിവയാണ്.

NO COMMENTS

LEAVE A REPLY