അതിര്‍ത്തികളില്ലാത്ത ബിനാലെ പരീക്ഷണങ്ങളെ പ്രകീര്‍ത്തിച്ച് അന്താരാഷ്ട്ര കലാവിദഗ്ധര്‍

216

കൊച്ചി: രാജ്യാന്തരമായ അതിര്‍ത്തികള്‍ ലംഘിച്ചു കൊണ്ടുള്ള കലാസൃഷ്ടികള്‍ക്ക് കൊച്ചി-മുസിരിസ് ബിനാലെ നല്‍കിയ പ്രാധാന്യം എടുത്തു പറയേണ്ടതാണെന്ന് അന്താരാഷ്ട്ര രംഗത്തെ പ്രശസ്തരായ എഴുത്തുകാരും കലാ വിദഗ്ധരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളെ ക്യൂറേറ്റര്‍ പ്രമേയത്തിലേക്ക് ഇഴുക്കിച്ചേര്‍ത്ത സുദര്‍ശന്‍ ഷെട്ടിയുടെ ശ്രമം അത്ഭുതപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞു. കലാപരവും വിജ്ഞാനപ്രദവുമായ പ്രദര്‍ശനമാണ് കൊച്ചി ബിനാലെയില്‍ ഒരുക്കിയിരിക്കുന്നതെന്ന് തായ്‌പേയി മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ ക്യൂറ്റേര്‍ നോബു തക്കാമുറി പറഞ്ഞു. ഊര്‍ജ്ജസ്വലവും മികച്ചതുമാണ് ബിനാലെ. കലാസൃഷ്ടികള്‍ നടത്താന്‍ ഉപയോഗിച്ചിരിക്കുന്ന മാധ്യമങ്ങള്‍ വൈവിദ്ധ്യം നിറഞ്ഞവയാണ്. പാരമ്പര്യ ബിംബങ്ങളെ സമകാല കലയിലേക്ക് കൊണ്ടുവരാന്‍ സുദര്‍ശന്‍ കാട്ടിയ ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സാഹിത്യസൃഷ്ടികളെ കലാപ്രദര്‍ശനമാക്കിയ രൂപാന്തരപ്പെടുത്തിയതും ഏറെ ഇഷ്ടമായി. മികച്ച ദൃശ്യവിരുന്നാണ് ബിനാലെ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ എന്തോ ഒന്ന് ബിനാലെയില്‍ ഉണ്ടെന്ന് നരവംശശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ലിസി മക് കീന്‍ പറഞ്ഞു. കലാസ്വാദകരെയും പൊതു സന്ദര്‍ശകരെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ ബിനാലെയ്ക്കാകുന്നു. പാരമ്പര്യകലയും സമകാലീനകലയും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്ന അപൂര്‍വമായ കാഴ്ച ബിനാലെയില്‍ കാണാമെന്നും അവര്‍ പറഞ്ഞു. പൊതുജന പങ്കാളിത്തമാണ് എടുത്ത പറയേണ്ട മറ്റൊരു സവിശേഷത. നരവംശ ശാസ്ത്രജ്ഞയെന്ന നിലയില്‍ ഒട്ടേറ പേരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞു. പൊതുജനം അവരുടെ സ്വന്തം പരിപാടിയായി ബിനാലെയെ മാറ്റിക്കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. പ്രശസ്ത തുകല്‍ നിര്‍മ്മാതാക്കളായ ഹൈഡിസൈന്‍ സ്ഥാപകന്‍ ദിലീപ് കപൂറിനെ ആകര്‍ഷിച്ചത് ബിനാലെയുടെ ഫാഷന്‍ തരംഗമാണ്. കലയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളെയും തച്ചുടയ്ക്കുന്നതാണ് ബിനാലെയുടെ സ്വഭാവം. ഫാഷന്‍ ലോകം വാണിജ്യപരമായി ചിന്തിക്കുന്നതിനാല്‍ ഇത്തരം ആശയങ്ങള്‍ ഏറെ ഗുണം ചെയ്യും. കേവലം കാഴ്ചയെന്നതിലുപരി കലയെ അനുഭവിക്കാനാവുമെന്ന് കാട്ടിത്തരുകയാണ് ബിനാലെ. ഇത് ഉത്പന്നങ്ങളിലും പരീക്ഷിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY