ബിനാലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തില്‍ സ്ത്രീപക്ഷ സിനിമ പാക്കേജ്

241

കൊച്ചി: ക്യാമറയ്ക്ക് മുന്നിലും പിന്നിലും സ്ത്രീകള്‍ രചനയും ആഖ്യാനവും നടത്തിയ സിനിമകള്‍ കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നു. ബിനാലെയിലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തിലാണ് രണ്ട് ഡോക്യുമന്ററിയുമടക്കം അഞ്ച് സിനിമകള്‍ അടങ്ങുന്നതാണ് പാക്കേജ്. ഇന്ത്യന്‍ സിനിമ, ‘എ ഫീമെയില്‍ നരേറ്റീവ്’ എന്നാണ് പ്രശസ്ത സിനിമ എഡിറ്റര്‍ ബീന പോള്‍ ക്യൂറേറ്റ് ചെയ്ത പാക്കേജിന്റെ പേര്. ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡില്‍ ഫെബ്രുവരി 9 വ്യാഴാഴ്ച മുതല്‍ 12-ാം തിയതി വരെ വൈകീട്ട് 6. 30 നാണ് പ്രദര്‍ശനം.

സാമൂഹികമായ പരുവപ്പെടുത്തലിലൂടെയും മാനസികമായ രൂപപ്പെടുത്തലിലൂടെയുമാണ് സ്ത്രീകള്‍ കഥ മെനഞ്ഞെടുക്കുന്നതെന്ന് ബീന പോള്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ തന്നെ അവ വ്യത്യസ്തമാണ്. സ്ത്രീ സംവിധായകരെന്ന് സ്വയം വിശേഷിപ്പിക്കാന്‍ പല സ്ത്രീകള്‍ക്കും മടിയാണ്. എന്നാല്‍ ആഖ്യായനം എങ്ങിനെ വ്യത്യസ്തമാകുന്നു എന്നതിലാണ് പ്രധാനം. നിര്‍ഭാഗ്യവശാല്‍ ഈ സവിശേഷതയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ വേണ്ട പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ലീന യാദവ് സംവിധാനം ചെയ്ത ‘പാര്‍ച്ച്ഡ്’ ആണ് പാക്കേജിലെ ഉദ്ഘാടന ചിത്രം. പ്രദര്‍ശനത്തിനു ശേഷം സിനിമയെക്കുറിച്ച് തുറന്ന ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ലീല യാദവും ബീന പോളും തമ്മില്‍ സിനിമയെക്കുറിച്ച് സംഭാഷണവും നടക്കും.

രജുല ഷായുടെ ‘ബിയോണ്ട് ദ വീലും’, മധുശ്രീ ദത്തയുടെ ‘സ്‌ക്രിബ്ള്‍സ് ഓഫ് അക്ക’യുമാണ് പാക്കേജിലെ ഡോക്യുമന്ററികള്‍. അഞ്ജലി മേനോന്റെ ‘മഞ്ചാടിക്കുരു’, ശ്രീബാല കെ മേനോന്റെ ‘പന്തി ഭോജനം’ എന്നിവയാണ് മറ്റു സിനിമകള്‍. സമകാലീന സ്ത്രീകള്‍ വര്‍ത്തമാനകാല പ്രമേയങ്ങള്‍ സിനിമയ്ക്കായി സ്വീകരിക്കുന്നത് പ്രധാനമാണെന്ന് ബീന പോള്‍ പറഞ്ഞു. പാക്കേജിലെ ഡോക്യുമന്ററികള്‍ വെല്ലുവിളികള്‍ നിറഞ്ഞ ആഖ്യായന രീതി പിന്തുടരുമ്പോള്‍ മറ്റുള്ളവ നവാഗത സിനിമകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY