നൂറു ദിവസം പിന്നിട്ട് കൊച്ചി ബിനാലെ, സമാപനത്തിന് ഇനി ഒരാഴ്ച മാത്രം

226

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം നൂറു ദിവസം പിന്നിട്ടു. ബിനാലെ പ്രദര്‍ശനം ഇനി ഇനി ഏഴു നാള്‍ കൂടിയേയുള്ളു. 2016 ഡിസംബര്‍ 12 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് 108 ദിവസത്തെ കലാവിരുന്നിന് തുടക്കമിട്ടത്. മാര്‍ച്ച് 29 ന് പ്രദര്‍ശനങ്ങള്‍ അവസാനിക്കും. 31 രാജ്യങ്ങളില്‍ നിന്നായി 97 ആര്‍ട്ടിസ്റ്റുകളാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. നൂറിലധികം കലാസൃഷ്ടികള്‍ 12 വേദികളിലായി സ്ഥാപിച്ചിട്ടുണ്ട്. എറണാകുളം ദര്‍ബാര്‍ ഹാള്‍, കൊടുങ്ങല്ലൂരിനു സമീപമുള്ള കോട്ടപ്പുറം എന്നീ വേദികളൊഴിച്ചാല്‍ ബാക്കിയെല്ലാം ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായാണ് ഒരുക്കിയത്. നൃത്യ-ശ്രാവ്യ, ദൃശ്യ പ്രതിഷ്ഠാപനങ്ങള്‍ മൂന്നാം ലക്കം ബിനാലെയുടെ പ്രത്യേകതയായിരുന്നു. പി കെ സദാനന്ദന്റെ പറയിപെറ്റ പന്തിരു കുലത്തെ ആസ്പദമാക്കിയുള്ള ചുവര്‍ ചിത്രം ബിനാലെ നടക്കുമ്പോഴും രചന തുടര്‍ന്നു പോരുന്ന സൃഷ്ടിയായിരുന്നു. ബിനാലെ തുടങ്ങി നൂറാം ദിവസം അതിന്റെ രചന അവസാനിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചുവര്‍ ചിത്രങ്ങളിലൊന്നായ ഇത് പൂര്‍ണമായും പ്രകൃതി ദത്ത നിറങ്ങളുപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബിനാലെയില്‍ ഏറെ പ്രിയങ്കരമായ ഒന്നായിരുന്നു ആര്‍ട്ട് ബൈ ചില്‍ഡ്രന്‍. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഈ സംരംഭത്തിന് വിദ്യാലയങ്ങളില്‍ നിന്നും സന്ദര്‍ശകരായെത്തിയ കുട്ടികളില്‍ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. നിരവധി പരിശീലന കളരികളും ഇതോടനുബന്ധിച് സംഘടിപ്പിക്കപ്പെട്ടു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്റ്റുഡന്റ്‌സ് ബിനാലെയും ശ്രദ്ധേയമായി. അന്താരാഷ്ടര രംഗത്തെ നിരവധി പ്രശസ്തര്‍ പ്രശംസിച്ച സ്റ്റുഡന്റ്‌സ് ബിനാലെയില്‍ രാജ്യത്തെ 55 ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ നിന്നായി 465 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പഠനം കഴിഞ്ഞിറങ്ങിയ 15 വിദ്യാര്‍ത്ഥികളായിരുന്നു ഇതിന്റെ ക്യൂറേറ്റര്‍മാര്‍.
അവസാന വാരത്തില്‍ നിരവധി കലാ-സാംസ്‌കാരിക പരിപാടികളാണ് ബിനാലെയോടനുബന്ധിച്ച് നടക്കുന്നത്. മെഗാ ആര്‍ട്ട് ഷോയില്‍ ടി.എം കൃഷ്ണയും മുക്ത്യാര്‍ അലിയുമാണ് പങ്കെടുക്കുന്നത്. തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡിന്റെ പ്രകടനവും അവസാന വാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗായിക സ്മൃതി മിനോച്ചയുടെ സംഗീത പരിപാടി, വാസന്തി, ശ്രീഖണ്ഡെയുടെ സാരംഗി കച്ചേരി എന്നിവയും ബിനാലെയുടെ അവസാന ദിനങ്ങളില്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തും.

NO COMMENTS

LEAVE A REPLY