എഴുത്തുകാരനും കഥാപാത്രവും വേദിയിലെത്തി;സേതുവിന്റെ ‘മറുപിറവി’ ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്‌ ബിനാലെ വേദിയില്‍ പ്രകാശനം.

203

കൊച്ചി: എഴുത്തുകാരന്‍ സേതുവിന്‌ ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതു പോലെയായിരുന്നു തന്റെ കൃതിയായ മറുപിറവിയുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്റെ പ്രകാശന ചടങ്ങില്‍ ഇസ്രായേലില്‍ നിന്നുള്ള യേലിയാഹു ബസാലേലിന്റെ സാന്നിദ്ധ്യം. സേതുവിന്റെ കഥയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്‌ യേലിയാഹു തികച്ചും ആകസ്‌മികമായാണ്‌ പുസ്‌തക പ്രകാശനത്തിനെത്തിയത്‌.
ദി സാഗാ ഓഫ്‌ മുസിരിസ്‌ എന്നാണ്‌ മറുപിറവിയ്‌ക്ക്‌ ഇംഗ്ലീഷില്‍ നല്‍കിയിരിക്കുന്ന പേര്‌. കൊച്ചി-മുസിരിസ്‌ ബിനാലെ മൂന്നാം ലക്കത്തിന്റെ വേദികളിലൊന്നായ കബ്രാള്‍ യാര്‍ഡില്‍ നടന്ന ചടങ്ങില്‍ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ആദ്യ പ്രതി പ്രകാശനം ചെയ്‌തു.

കേരളം തന്റെ മാതൃഭൂമിയാണ്‌, എല്ലാ വര്‍ഷവും ഒരു തീര്‍ത്ഥാടനം പോലെ താന്‍ ചേന്ദമംഗലത്ത്‌ എത്താറുണ്ടെന്ന്‌ യേലിയാഹു പറഞ്ഞു. ഹിന്ദു, ക്രിസ്‌ത്യന്‍, മുസ്ലീം, യഹൂദര്‍ എന്നിങ്ങനെ എല്ലാ മതക്കാരും ഒരുമയോടെ താമസിക്കുന്ന ലോകത്തിലെ അനന്യമായ ഇടമെന്നാണ്‌ ചേന്ദമംഗലത്തെ യേലിയാഹു തന്റെ നാട്ടുകാര്‍ക്കു പരിചയപ്പെടുത്തുന്നത്‌. പ്രശസ്‌ത ഹോര്‍ട്ടികള്‍ച്ചറിസ്‌റ്റായ യേലിയാഹു 1955 ലാണ്‌ വാഗ്‌ദത്ത ഭൂമിയായ ഇസ്രായേലിലേക്ക്‌ പോയത്‌. മറുപിറവിയുടെ ഇംഗ്ലീഷ്‌ പതിപ്പിന്റെ ആദ്യ കോപ്പി സുദര്‍ശനില്‍ നിന്നും ഏറ്റുവാങ്ങിയതും യേലിയാഹുവാണ്‌.

കൊടുങ്ങല്ലൂരിടനുടുത്ത്‌ സ്ഥിതി ചെയ്‌തിരുന്ന മുസിരിസ്‌ എന്ന തുറമുഖത്തിന്റെ ഉന്നതിയും നാശവുമെല്ലാം പ്രതിപാദിക്കുന്ന കഥയാണ്‌ സേതുവിന്റെ മറുപിറവി. 14-ാം നൂറ്റാണ്ടില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ നശിച്ചു പോയി എന്നു കരുതപ്പെടുന്ന ഈ തുറമുഖം ദക്ഷിണേന്ത്യയിലെ വാണിജ്യ കേന്ദ്രമായാണ്‌ അറിയപ്പെട്ടിരുന്നത്‌. ഇത്തരത്തില്‍ പുസ്‌തകമെഴുതുകയെന്നത്‌ സാഹസമായിരുന്നുവെന്ന്‌ സേതു ഓര്‍ക്കുന്നു. ഒമ്പതാം നൂറ്റാണ്ടിനപ്പുറത്തേക്കുള്ള കേരള ചരിത്രം ഇരുട്ടിലാണ്‌. മുസിരിസിന്റെ പശ്ചാത്തലത്തില്‍ ഇതിലേക്ക്‌ വെളിച്ചം വീശുന്ന കാര്യങ്ങള്‍ വരും തലമുറയ്‌്‌ക്കായി രേഖപ്പെടുത്തുകയാണ്‌ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. നിയോഗി ബുക്ക്‌സിന്റെ പ്രതിനിധി നിര്‍മ്മല്‍ കാന്തി ഭട്ടാചാര്യ പുസ്‌തകത്തെ പരിചയപ്പെടുത്തി. പ്രേമ ജയകുമാറാണ്‌ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം നടത്തിയത്‌.

NO COMMENTS

LEAVE A REPLY