കലയെയും സംസ്‌കാരത്തെയും അന്യവല്‍കരിക്കരുത് : ബിനാലെ സെമിനാര്‍

234

കൊച്ചി: സംസ്‌കാരത്തിന്റെ സൂചകമായ കലയില്‍നിന്നും ഭരണകൂടങ്ങള്‍ അകന്നുകൊണ്ടിരിക്കുകയാണെന്നും രാഷ്ട്രീയപരമായ ഈ ഉദാസീനതയ്‌ക്കെതിരെ കലാ-സാസ്‌കാരിക സ്ഥാപനങ്ങള്‍ സംഘടിക്കണമെന്നും കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികള്‍ അഭിപ്രായപ്പെട്ടു. സുസ്ഥിരമായ സംസ്‌കാര നിര്‍മിതി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രശസ്ത എഴുത്തുകാരായ അശോക് വാജ്‌പേയ്, കെ.സച്ചിദാനന്ദന്‍, പ്രശസ്ത ആര്‍ട്ടിസ്റ്റ് റിയാസ് കോമു തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം വകുപ്പുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രമുഖ അക്കാദമീഷ്യനായ പ്രൊഫ. എം.വി നാരായണനായിരുന്നു മോഡറേറ്റര്‍. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. ഭരണകൂടങ്ങള്‍ കലയെ അവഗണിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ സ്ഥാപനങ്ങളെ ഏറ്റെടുക്കേണ്ട കടമ പൗരന്മാര്‍ക്കാണെന്ന് അശോക് വാജ്‌പേയ് പറഞ്ഞു. കലയുടെ സ്ഥാപനവല്‍കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ മൂന്നോ നാലോ പേര്‍ ചേര്‍ന്ന് തുടങ്ങിയ കൊച്ചി ബിനാലെയ്ക്ക് മൂന്നു എഡിഷനുകള്‍ പൂര്‍ത്തിയാകുമ്പോള്‍തന്നെ ഇക്കാര്യം ഭരണാധികാരികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ രാഷ്ട്രീയവും കലയും പരസ്പരം പോരടിക്കുന്ന സ്ഥിതിയിലേയ്ക്കാണ് നീങ്ങുന്നത്. അലങ്കാരത്തിനുവേണ്ടിയല്ലാതെ സംസ്‌കാരത്തിന്റെ പരിരക്ഷയ്ക്കായി ഭരണകൂടങ്ങള്‍ ഒന്നും ചെയ്യുന്നില്ല. കലയ്ക്കും സംസ്‌കാരത്തിനുമായി കേന്ദ്രബജറ്റില്‍ നാമമാത്രമായ തുകയാണ് നീക്കിവച്ചിരിക്കുന്നത്. മൊത്തം ബജറ്റിന്റെ 0,01 ശതമാനം മാത്രമാണിത്- അദ്ദേഹം ചൂണ്ടക്കാട്ടി. ബദലുകള്‍ക്ക് അതിജീവനം നല്‍കാനും മാനവികതയെക്കുറിച്ച് ബോധമുളവാക്കാനും മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യന്മാര്‍ തമ്മിലും ആത്മീയമായ ബന്ധം വളര്‍ത്താനും കലയെ ഉപയോഗിക്കണം. സാമാന്യവല്‍കരണത്തിനും ആഭാസരീതികള്‍ക്കും ലഘൂകരണത്തിനും എതിരായ അവസാനിക്കാത്ത സത്യഗ്രഹമാകണം കലയെന്ന് അദ്ദേഹം ചൂണ്ടക്കാട്ടി. സംസ്‌കാരത്തിനും മാനവികതയ്ക്കുമുള്ള ഇടങ്ങള്‍ ചുരുങ്ങിവരികയാണെന്ന് കെ.സച്ചിദാനന്ദന്‍ പറഞ്ഞു. പല സര്‍വകലാശാലകളിലും മാനവിക വിഷയങ്ങളും ജീവിതവുമായും സംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളും പഠിപ്പിക്കുന്ന വിഭാഗങ്ങള്‍ അടച്ചുപൂട്ടുന്നു. പുത്തന്‍ സാങ്കേതിക വിദ്യയുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ക്കുമാത്രമാണ് ഇപ്പോള്‍ പ്രാധാന്യം. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ കാരണം കലാപഠനകേന്ദ്രങ്ങള്‍ അധോഗതിയിലേയ്ക്ക് നീങ്ങുകയാണ് സാമ്പത്തികശാസ്ത്രത്തിനു പകരം സംസ്‌കാരത്തിനു മുന്‍തൂക്കം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാരത്തിന് പൊതുസ്വഭാവം കല്പിക്കുന്നതിനുപകരം വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടെന്ന് റിയാസ് കോമു പറഞ്ഞു. സാംസ്‌കാരിക വൈവിധ്യത്തെ പാര്‍ശ്വവല്‍കരിക്കാനുള്ള നീക്കം ഭാവിയില്‍ തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY