റോഡ് യാത്രയുടെ കഥ പറഞ്ഞ് ഗാലിബീജ

200

കൊച്ചി: റോഡ് യാത്രകളുടെ വിവിധ തലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗാലി ബീജ എന്ന കന്നഡ സിനിമ കൊച്ചി-മുസിരിസ് ബിനാലെ ചലച്ചിത്ര പാക്കേജിലെ വേറിട്ട അനുഭവമാകും. ഉപഭൂഖണ്ഡത്തിലെ സിനിമ വിഭാഗത്തിലാണ് ചിത്രകാരന്‍ കൂടിയായ ബാബു ഈശ്വര്‍ പ്രസാദിന്റെ സിനിമ ഇന്ന് (22.02.2017) പ്രദര്‍ശിപ്പിക്കുന്നത്. കാറ്റിന്റെ വിത്തെന്നാണ് ഗാലിബീജയെന്ന വാക്കിന്റെയര്‍ത്ഥം. വിത്തുകള്‍ യാത്ര ചെയ്യുന്നത് കാറ്റിലൂടെയാണ്. യാത്രയുടെ പ്രതീകമാണ് കാറ്റ്. ഈ കാറ്റിനെക്കുറിച്ചും യാത്രയെക്കുറിച്ചുമാണ് തന്റെ സിനിമയെന്ന് ബാബു ഈശ്വര്‍ പറയുന്നു. സിനിമ പുരോഗമിക്കുമ്പോള്‍ നായക കഥാപാത്രമെന്നത് റോഡായി മാറും. സിനിമ ഈ റോഡിനെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ചലച്ചിത്ര പരിഷത്തില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ അദ്ദേഹം ബറോഡയിലെ എം.എസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവുമെടുത്തു. 96 മുതല്‍ കലാപ്രദര്‍ശനം നടത്തി വരുന്ന അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ഗാലിബീജ.

യാത്രകള്‍ തന്നെ എന്നും സ്വാധീനിച്ചിരുന്നുവെന്ന് ബാബു ഈശ്വര്‍ ഓര്‍ക്കുന്നു. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതികളാണ് യാത്രകളുടെ ജീവന്‍. തന്റെ സൃഷ്ടികളിലും ഭൂപ്രകൃതികള്‍ക്ക് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശ് എന്ന സിവില്‍ എന്‍ജിനീയര്‍ റോഡിന് വീതികൂട്ടാനായി പേരില്ലാത്ത ഒരു ഗ്രാമത്തിലെത്തുന്നതും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ഗാലിബീജയുടെ ഇതിവൃത്തം. വ്യാജ സിഡി വില്‍പനക്കാരനില്‍നിന്ന് കഥാപാത്രമായ റോഡ് യാത്രാസിനിമകള്‍ കാണുന്നിടത്താണ് സിനിമയുടെ വഴിത്തിരിവ്. സിനിമയിലെ കഥാപാത്രങ്ങളെല്ലാം എന്നോ കണ്ടു പരിചയിച്ചവ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പതിവ് റോഡ് യാത്രാസിനിമകള്‍ ഹൈവേകളെ കേന്ദ്രീകരിച്ചാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇടവഴികള്‍, കവലകള്‍, ഗ്രാമീണ-നഗര റോഡുകള്‍, വിവിധങ്ങളായ പ്രദേശങ്ങള്‍ എന്നിവ ഈ സിനിമയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. സൂക്ഷ്മമായ സമീപനമാണ് സംഭാഷണത്തേക്കാള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. അന്തരീക്ഷത്തിലെ ശബ്ദങ്ങള്‍ അതേ പടി 90 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമയില്‍ പകര്‍ത്തിയിട്ടുണ്ട്. ജീവിതത്തെ ബന്ധിപ്പിക്കാനും താങ്ങിനിറുത്താനും അലോസരപ്പെടുത്താനും പാതകള്‍ക്ക് കഴിയും. അതിലൂടെ മാനുഷിക ജീവിതം താത്കാലികമാണെന്ന തിരിച്ചറിവ് നല്‍കാനും ഈ പ്രമേയത്തിലൂടെ സാധിക്കുമെന്ന് ബാബു ഈശ്വര്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ ചലച്ചിത്രമേള, ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള, മുംബൈ ചലച്ചിത്രമേള എന്നിവിടങ്ങളില്‍ നിന്നെല്ലാം നിരൂപക പ്രശംസ ലഭിച്ച സിനിമയാണ് ഗാലിബീജ. ഗാലിബീജ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡില്‍ വൈകീട്ട് 6. 30 ന് പ്രദര്‍ശിപ്പിക്കും.

NO COMMENTS

LEAVE A REPLY