കൊച്ചിയിലെ തട്ടുകടകളില്‍ സിസി ടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കി

190

കൊച്ചി: കൊച്ചിയില്‍ ഇനി തട്ടുകടകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധം.എല്ലാ തട്ടകടകളും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാക്കാന്‍ കൊച്ചി സിറ്റി പൊലീസ് നിര്‍ദേശം നല്‍കി.തട്ടുകടകള്‍ കേന്ദ്രീകരിച്ചുളള കുറ്റകൃത്യങ്ങള്‍ നഗരത്തില്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.ഏത് പാതിരാത്രിയിലും കുറഞ്ഞ ചെലവില്‍ ഭക്ഷണം വിളമ്ബുന്ന തട്ടുകടകള്‍ നഗരത്തിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട ഇടമാണ്.സ്ത്രീപുരുഷ ഭേദമില്ലാതെ ദിനംപ്രതി നൂറുകണക്കിന് പേരാണ് തട്ടുകടകളെ ആശ്രയിക്കുന്നത്.കൊച്ചി നഗരത്തില്‍ മാത്രം 500 നടുത്ത് തട്ടുകടകളുണ്ട്.എന്നാല്‍ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മാത്രമല്ല ആര്‍ക്കും വന്നു കയറി ഇരിക്കാവുന്ന ഇടം കൂടിയായിരിക്കുകയാണ് തട്ടുകടകള്‍.
നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവരുടെ പ്രധാന കേന്ദ്രം കൂടിയാവുകയാണ് തട്ടുകടകളെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത പല കുറ്റകൃത്യങ്ങളും തട്ടുകടയുമായി ബന്ധപ്പെട്ടുളളതാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.ഇതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ എല്ലാ എസിപിമാരുടെയും നേരടിട്ടുളള നിരീക്ഷണത്തിലാണ് നഗരം.
ഇതുകൂടാതെയാണ് തട്ടുകടകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ കൊച്ചി സിറ്റി പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ രാത്രി 12 മണിവരെയാണ് തട്ടുകടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളത്.ഈ സമയം വരെ പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കില്‍ ക്യാമറ നിര്‍ഡബന്ധമാണ്.ക്യാമറ വെച്ചാല്‍ മാത്രം പോരാ അതുണ്ടെന്ന് എഴുതി പ്രദര്‍ശിപ്പുക്കുകയും വേണം.എന്നാല്‍ പുതിയ നിര്‍ദേശം കനത്ത തിരിച്ചടിയാണെന്നാണ് തട്ടുകട ഉടമകളുടെ നിലപാട്.വന്‍കിട ഹോട്ടലുകളിലുളളതു പോലെ തട്ടുകടകളില്‍ ക്യാമറ വെക്കുന്നത് വലിയ സാമ്ബത്തികനഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. സ്വാദുളള ഭക്ഷണം ചുരുങ്ങിയ ചെലവില്‍ .ഒപ്പം സുരക്ഷിതത്വവും. കൊച്ചി സിറ്റി പൊലീസിന്റെ നിര്‍ദേശം സാധാരണക്കാര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്നു.