ഹൈക്കോടത ഉന്നത പോലീസ് ഉദ്യോഗസ്ഥനും തീവ്രവാദ ഭീഷണി

272

കൊച്ചി: ഭീകരവാദത്തിനെതിരേ ശക്തമായ നിലപാടെടുത്ത ഹൈക്കോടതി ജഡ്ജിമാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥനും തീവ്രവാദ ഭീഷണി. സംസ്ഥാനത്തെ വിവാദമായ തീവ്രവാദക്കേസ് അന്വേഷിച്ച കൊച്ചിയിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്കുമാണ് വധഭീഷണിയുള്ളത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മൂന്നുപേര്‍ക്കും സുരക്ഷ ശക്തമാക്കാനാണ് തീരുമാനമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യാന്തര ബന്ധമുള്ള തീവ്രവാദക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനുനേരേ മുന്പും പല രീതിയിലുള്ള ഭീഷണികള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് മത സ്വാതന്ത്ര്യം വേണമെന്ന് പൊതുവേദികളില്‍ പരസ്യമായി പറയുകയും കേസുകളില്‍ കര്‍ക്കശമായ വിധികള്‍ പ്രഖ്യാപിക്കുകയും ചെയ്ത ജഡ്ജിക്കെതിരേയും രാജ്യാന്തരബന്ധമുള്ള കള്ളക്കടത്തു കേസില്‍ ശക്തമായ നിലപാടെടുത്ത മറ്റൊരു ജഡ്ജിക്കെതിരേയുമാണ് തീവ്രവാദ ഭീഷണിയുള്ളത്.ഇതേത്തുടര്‍ന്ന് സംസ്ഥാനത്തു ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്പലം, കോലഞ്ചേരി, ആലുവ, പെരുന്പാവൂര്‍ എന്നിവിടങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രസമിതി രൂപീകരണത്തിന് തന്ത്രങ്ങളൊരുക്കിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളം തീവ്രവാദികള്‍ക്ക് ഫലഭൂയിഷ്ഠമായ മണ്ണാണെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. വര്‍ഗീയ സ്വഭാവമുള്ള തീവ്രവാദ സംഘടനകള്‍ പിടിമുറുക്കിയതുമൂലം സംസ്ഥാനത്ത് സ്ഫോടനാത്മകമായ സാഹചര്യമാണ് നിലവിലുള്ളത്. റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച്‌ ഗുരുതരം എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. യുവാക്കളെ തീവ്രവാദസംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഗള്‍ഫ് മേഖലയുമായി കേരളത്തിനുള്ള അടുത്ത ബന്ധം മറയാക്കിയാണ് കേരളത്തില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ. തങ്ങളുടെ രഹസ്യ സെല്ലുകള്‍ രൂപവല്‍ക്കരിച്ചിരിക്കുന്നത്. ആശയപ്രചാരണം വഴി വിവിധ പേരുകളിലുള്ള മതതീവ്രവാദി സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ കേരളത്തില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കും. തീവ്രവാദ പ്രവര്‍ത്തനത്തിന് മാനസികമായി തയാറാകുന്ന ഇവരെ നേപ്പാള്‍, ബംഗ്ലാദേശ്, കശ്മീര്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് അയയ്ക്കുകയാണ് പതിവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാവോയിസ്റ്റുകള്‍ മുതല്‍ രാജ്യാന്തര തീവ്രവാദ സംഘടനയായ ഐ.എസ്. വരെ സംസ്ഥാനത്ത് സജീവമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.