ബിനാലെ തലമുറകളുടെ സമ്പാദ്യം: പ്രൊഫ കെ.വി തോമസ്

199

കൊച്ചി: തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും വിധം കലാകാരന്മാരുടെയും ആസ്വാദകരുടെയും മനസിലേക്ക് കൊച്ചി-മുസിരിസ് ബിനാലെ ആഴത്തില്‍ വേരുറപ്പിച്ചുവെന്ന് പ്രൊഫ കെ.വി തോമസ് എംപി പറഞ്ഞു. ബിനാലെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാലെയ്ക്ക് വേണ്ടി സ്ഥാപകാംഗങ്ങളായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും എത്രമാത്രം വേദനയനുഭവിച്ചിട്ടുണ്ടെന്ന് തനിക്ക് നേരിട്ടറിയാമെന്ന് കെ.വി തോമസ് പറഞ്ഞു. ഇന്നത് വിജയകരമായി മാറി. ഇവരുടെ പരിശ്രമത്തെ പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയോടാണ് താന്‍ ഉപമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും കലയെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെടുന്ന സാഹചര്യത്തിലാണ് ബിനാലെയുടെ ജനനം. ഇന്ന് അത് സമൂഹത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാസംരംഭം എന്ന നിലയില്‍ തലമുറകള്‍ കൈമാറി ബിനാലെ ഓര്‍മ്മകള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി എം.എ ബേബി, രക്ഷാധികാരി ഹോര്‍മിസ് തരകന്‍ എന്നിവര്‍ ബിനാലെയുടെ വളര്‍ച്ചയില്‍ തൂണു പോലെ ഉറച്ചു നിന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ.വി തോമസിന് ബിനാലെ പ്രദര്‍ശനങ്ങള്‍ ബോസും റിയാസും ചേര്‍ന്നാണ് വിശദീകരിച്ചു നല്‍കിയത്. രാജ്യത്തിനും, സംസ്ഥാനത്തിനും കൊച്ചിയ്ക്കും ബിനാലെ നല്‍കുന്ന സംഭാവനകള്‍ വിസ്മരിക്കാനാവില്ല. ഈ സംരംഭത്തെ ഏവരും അകമഴിഞ്ഞ് പിന്തുണയ്ക്കണമെന്നും കെ.വി തോമസ് പറഞ്ഞു.