കലയ്ക്ക് സാങ്കേതികവിദ്യയില്‍ അനന്ത സാധ്യതകള്‍ : ഗൂഗിള്‍ ഇന്ത്യ മേധാവി

190

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയില്‍ കലയെ സാങ്കേതികവിദ്യയുമായി സൃഷ്ടിപരമായി സംയോജിപ്പിച്ചിരിക്കുകയാണെന്നും ഇത്തരത്തിലുള്ള സഹകരണം ഇനിയും സാധ്യമാക്കിക്കൊണ്ട് ഇപ്രാവശ്യവും ബിനാലെയുടെ വിര്‍ച്വല്‍ ടൂര്‍ തയാറാക്കുമെന്നും ഗൂഗിള്‍ ഇന്ത്യ മേധാവിയും ഇന്ത്യ-തെക്കുകിഴക്കനേഷ്യ വൈസ് പ്രസിഡന്റുമായ രാജന്‍ ആനന്ദന്‍ വ്യക്തമാക്കി.

സാങ്കേതികവിദ്യ കലയെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ബിനാലെ സന്ദര്‍ശനത്തിനെത്തിയ രാജന്‍ പറഞ്ഞു. അതിനെ സൃഷ്ടിപരമായി ഉപയോഗിക്കുക എന്നത് കലാകാരന്റെ സാധ്യതയാണ്. രാജന്‍ ആനന്ദനും കലാവസ്തുക്കള്‍ ശേഖരിക്കുന്നത് വിനോദമാക്കിയ ഭാര്യ രാധിക ചോപ്രയും കൊച്ചി ബിനാലെയുടെ രക്ഷാധികാരികളാണ്.

ബിനാലെ കാണാന്‍ കഴിയാത്തവര്‍ക്കായി ഗൂഗിള്‍ ഇവിടുത്തെ പ്രതിഷ്ഠാപനങ്ങളും പ്രദര്‍ശനങ്ങളും ഇത്തവണയും ഡിജിറ്റല്‍ രൂപത്തിലാക്കുമെന്നും ഇതിനായി ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കൊച്ചി ബിനാലെ ഫൗണ്ടേഷനും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിര്‍ച്വല്‍ ടൂറിലൂടെ എല്ലാവര്‍ക്കും ബിനാലെ ആസ്വദിക്കാന്‍ കഴിയും. ഗൂഗിളിന്റെ ഉയര്‍ന്ന ഗ്രഹണശേഷിയുള്ള സ്ട്രീറ്റ് വ്യൂ ക്യാമറകളിലൂടെ ഒപ്പിയെടുക്കുന്ന ബിനാലെ ദൃശ്യങ്ങള്‍ ഗൂഗിള്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ പ്രോജക്ടിന്റെ ഭാഗമാക്കി ജനങ്ങള്‍ക്ക് നല്‍കും. 2014-ലെ ദൃശ്യങ്ങള്‍ ഇപ്പോള്‍തന്നെ ലഭ്യമാണ്. ഇപ്പോഴത്തെ ദൃശ്യങ്ങള്‍ ബിനാലെ കഴിഞ്ഞാലുടന്‍ 360 ഡിഗ്രി സാങ്കേതികവിദ്യ സംയോജിപ്പിച്ചുള്ള വിര്‍ച്വല്‍ ടൂറിലൂടെ ഉടന്‍തന്നെ ലഭ്യമാക്കുകയും ചെയ്യും. അന്താരാഷ്ട്ര വനിതാദിനത്തില്‍ ബിനാലെയിലെ കലാകാരികളുടെ സൃഷ്ടികള്‍ ഇങ്ങനെ പുറത്തിറക്കിയിരുന്നു.

ദൃശ്യങ്ങള്‍ക്കൊപ്പംതന്നെ ആര്‍ട്ടിസ്റ്റിനെക്കുറിച്ചും അവരുടെ സൃഷ്ടികളെക്കുറിച്ചുമുള്ള വിശദാംശങ്ങളും നല്‍കുമെന്ന് രാജന്‍ ആനന്ദന്‍ പറഞ്ഞു. ബിനാലെയുടെ ഉന്നതനിലവാരത്തെ പ്രശംസിച്ച രാജന്‍ ആനന്ദന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടത് സ്ലൊവേനിയന്‍ സാഹിത്യകാരന്‍ അലസ് സ്റ്റെഗറുടെ ‘പിരമിഡ് ഓഫ് എക്‌സൈല്‍ഡ് പോയറ്റ്‌സ്’ എന്ന സൃഷ്ടിയായിരുന്നവെന്ന് ചൂണ്ടിക്കാട്ടി. ലോകം നേരിടുന്ന അഭയാര്‍ഥി പ്രശ്‌നത്തെ അതിമനോഹരമായാണ് ഇത് ചിത്രീകരിക്കുന്നത്. പിരമിഡ് പോലുള്ള സൃഷ്ടികള്‍ ജനങ്ങളെ കലയുമായി വല്ലാതെ സൗഹൃദത്തിലാക്കുകയും കലയെ അവര്‍ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റൗള്‍ സുരീറ്റയുടെ ‘സീ ഓഫ് പെയിന്‍’ എന്ന ബിനാലെ പ്രതിഷ്ഠാപനവും രാജനും ഭാര്യയും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY