ബിനാലെ ക്യൂററ്റോറിയല്‍ പ്രമേയത്തെ വാഴ്ത്തി ലോക പ്രശസ്ത കലാപ്രവര്‍ത്തകര്‍

216

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ക്യൂറേറ്റര്‍ പ്രമേയമാണെന്ന് വിഖ്യാത കലാപ്രവര്‍ത്തകര്‍. ഇത് സമകാലീന കലയിലേയ്ക്കുള്ള വഴികാട്ടിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയെ ലോകവുമായി ബന്ധിപ്പിക്കാനുള്ള മഹത്തായ വിവരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന പ്രദര്‍ശനമാണ് കൊച്ചി ബിനാലെയെന്ന് ന്യൂയോര്‍ക്കിലെ സോളമന്‍ ആര്‍ ഗുഗ്ഗെന്‍ഹെം മ്യൂസിയം ആന്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് ആംസ്‌ട്രോംഗ് പറഞ്ഞു. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ബിനാലെ ആശയങ്ങളുടെ രുചിക്കൂട്ടാണ്. ബിനാലെ പോലുള്ള പ്രദര്‍ശനങ്ങളുടെ യഥാര്‍ത്ഥ ഭംഗി അത് സംഘടിപ്പിക്കുന്ന സ്ഥലത്തിന്റെ തനിമ ആശ്രയിച്ചിരിക്കും. കൊച്ചിയുടെ വൈവിദ്ധ്യവും വിജ്ഞാനത്തിന്റെ കലവറയും ബിനാലെയ്ക്ക് യോജിച്ച ഇടം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രദര്‍ശനങ്ങളിലൊന്നായ കാര്‍നഗി ഇന്റര്‍നാഷണല്‍ 1995-ല്‍ ക്യൂറേറ്റ് ചെയ്തത് ആംസ്‌ട്രോംഗായിരുന്നു. കൊറിയയിലും അമേരിക്കയിലുമെല്ലാം നടക്കുന്ന കലാപ്രദര്‍ശനങ്ങളില്‍ പല തരത്തിലുള്ള ആശയങ്ങള്‍ ക്രോഡീകരിച്ചാണ് ഏകീകൃത സ്വഭാവം ഉണ്ടാക്കുന്നത്. ബിനാലെ പ്രാദേശികമായി സംഘടിപ്പിക്കപ്പെടുകയും എന്നാല്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്ത സംരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. സമകാലീന കലയില്‍ പുതിയ ആശയങ്ങള്‍ കൊണ്ട് സമൃദ്ധമാണ് കൊച്ചി ബിനാലെയെന്ന് ന്യൂയോര്‍ക്കിലെ മെട്രോപോലിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് പ്രോഗ്രാം ചെയര്‍മാന്‍ ഷീന വാസ്റ്റിഫ് പറഞ്ഞു. തുടര്‍ച്ചയുള്ള ചിന്താധാരയുടെ താളുകള്‍ വിടരുന്ന അനുഭവമാണ് ബിനാലെ പ്രദര്‍ശനങ്ങളിലൂടെയുള്ള സഞ്ചാരമെന്ന് അവര്‍ പറഞ്ഞു. കൊച്ചിയിലെ ജനജീവിതമാണ് ബിനാലെയുടെ കേന്ദ്രബിന്ദുവെന്നും അവര്‍ പറഞ്ഞു. സംഗീതം സ്വാധീനം ചെലുത്തിയ ഒരു ആര്‍ട്ടിസ്റ്റാണ് ബിനാലെ ക്യൂറേറ്റ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. ശബ്ദത്തിന്റെ സൗന്ദര്യം കലാപരമായി കൊച്ചി ബിനാലെയില്‍ അലിയിച്ചു ചേര്‍ത്തിട്ടുണ്ട്. പരമ്പരാഗത രീതിയില്‍ നിന്നുമാറി വൈവിദ്ധ്യമാര്‍ന്ന ശാഖകളെ ഒന്നിച്ചു കൊണ്ടുവന്നിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

വ്യത്യസ്തമായ അനുഭവമാണ് കൊച്ചി ബിനാലെ നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് മെട്രോപോലിറ്റന്‍ മ്യൂസിയത്തില്‍ ദക്ഷിണേഷ്യന്‍ കലാവിഭാഗത്തിലെ അസിസ്റ്റന്റ് ക്യൂറേറ്റര്‍ ഷാനായ് ഝാവരി പറഞ്ഞു. സാഹിത്യം, സംഗീതം, ദൃശ്യം തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിഭകളെ തന്റെ ക്യൂറേറ്റര്‍ പ്രമേയത്തിലേക്ക് സുദര്‍ശന്‍ കൊണ്ടുവന്നിരിക്കുകയാണ്. ഓരോന്നിനും തനതായ അനുഭവം നല്‍കാന്‍ കഴിയുന്നുണ്ട്. കൊച്ചി ബിനാലെ അതിന്റെ പ്രാദേശിക സ്വഭാവത്തില്‍നിന്ന് മാറിയതിന്റെ എല്ലാ അഭിനന്ദനങ്ങളും ക്യൂറേറ്റര്‍ക്കുള്ളതാണെന്നും അവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY