ബിനാലെ നല്‍കുന്നത് അഗാധമായ പ്രചോദനം : ആനന്ദ് ഗാന്ധി

293

കൊച്ചി: 2014ല്‍ ആദ്യമായി വന്നപ്പോള്‍ യുവ ചലച്ചിത്ര സംവിധായകന്‍ ആനന്ദ് ഗാന്ധിയെ കൊച്ചി മുസിരിസ് ബിനാലെ വരവേറ്റത് ചെറിയൊരു അദ്ഭുതം സമ്മാനിച്ചുകൊണ്ടായിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രങ്ങളിലൊന്നായ പവേഴ്‌സ് ഓഫ് ടെന്‍, അന്നു ബിനാലെ വേദിയില്‍ കണ്ടപ്പോള്‍ അമ്പരപ്പും കൗതുകവുമുണ്ടായെന്ന് ബിനാലെ കാണാന്‍ വീണ്ടുമെത്തിയ ആനന്ദ് ഗാന്ധി ഓര്‍ക്കുന്നു. ചാള്‍സ് ഏംസ്-റേ ഏംസ് ദമ്പതികള്‍ 1977ല്‍ നിര്‍മിച്ച, ഒന്‍പതു മിനിറ്റ് മാത്രം നീളമുള്ള ഈ ഐതിഹാസിക ചിത്രം സംവിധായകനെന്ന നിലയില്‍ തന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് മുംബൈയില്‍ ജീവിക്കുന്ന, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഷിപ് ഓഫ് തെസ്യൂസിന്റെ സംവിധായകന്‍ പറഞ്ഞു.

അന്ന് ബിനാലെയില്‍ പവേഴ്‌സ് ഓഫ് ടെന്‍ കണ്ടപ്പോള്‍ അതിശയിച്ചു. എവിടെയും മാന്ത്രികമായ ചില ഇടപെടലുകള്‍ ഇഷ്ടപ്പെടുകയും വിസ്മയിക്കാനോ, ഞെട്ടാനോ, മുന്‍പ് ചിന്തിച്ചിട്ടില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ കാണാനോ താല്പര്യപ്പെടുന്ന ആളാണു താന്‍. ബിനാലെയുടേത് ഉള്‍ക്കാഴ്ചകളും പ്രചോദനങ്ങളും തിരിച്ചറിവുകളും സമ്മാനിക്കുന്ന ഇടമായതിനാലാണ് വീണ്ടും വന്നത്. അഗാധമായ പ്രചോദനമാണ് ഇവിടെ നിന്നു ലഭിക്കുന്നത്. ജീവിതത്തെ ജിജ്ഞാസയോടെയും അന്വേഷണ ബുദ്ധിയോടെയും കാണാനാണ് ഇവിടെയെത്തിയതെന്നും ആനന്ദ് പറഞ്ഞു.

പ്രശസ്ത എഴുത്തുകാരന്‍ ആനന്ദിന്റെ സൃഷ്ടിയാണ് ഇത്തവണ ബിനാലെയില്‍ മനസ്സില്‍ പതിഞ്ഞത്. രാഷ്ട്രീയവും ഭൂപട\ിര്‍മാണത്തിലെ ഒഴിവാക്കാനാകാത്ത വളച്ചൊടിക്കലുകളും എന്ന വിഷയത്തില്‍ തന്റെ കാഴ്ചപ്പാടുകളുമായി സമരസപ്പെടുന്നതാണ് ആനന്ദിന്റെ സൃഷ്ടിയെന്നും സംവിധായകന്‍ പറഞ്ഞു. ഓരോ തവണ എത്തുമ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്ന {പസ്ഥാനമാണിതെന്ന തോന്നല്‍ ശക്തിപ്പെടുകയാണ്. ബിനാലെയുടെ പ്രചോദനം തദ്ദേശ സമൂഹം സ്വീകരിച്ചിരിക്കുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ബിനാലെയെ അതിന്റെ ഉള്‍ക്കാഴ്ചയോടെയും അതേസമയം വിനോദപരമായും സമീപിക്കാന്‍ കഴിയുന്നു.

കൂടുതല്‍ അറിവും ധാരണകളും ഭാഷാ മികവും പകര്‍ന്ന് ജീവിതത്തെ മെച്ചപ്പെട്ടതാക്കുകയാണ് ബിനാലെ. ഇതുപോലുള്ള സംരംഭങ്ങള്‍ക്ക് ആഗോള-പ്രാദേശിക സമൂഹങ്ങളെ വലിയ രീതിയില്‍ സ്വാധീനിക്കാനാവും. ഓരോ പതിപ്പും പിന്നിടുമ്പോള്‍ ഇക്കാര്യത്തില്‍ പുരോഗതി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാലെയിലെ പങ്കാളിത്ത സ്വഭാവത്തില്‍ ആകൃഷ്ടനായതിനാല്‍, സ്വന്തം ഇടപെടല്‍ നടത്താനുള്ള ആഗ്രഹവും ആനന്ദ് ഗാന്ധി പ്രകടിപ്പിച്ചു. കഴിഞ്ഞ ഒരുവര്‍ഷമായി വെര്‍ച്ച്വല്‍ റിയാലിറ്റിയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ഇവിടെ അവതരിപ്പിക്കാനായി വീണ്ടും എത്താന്‍ ആഗ്രഹിക്കുന്നതായും സംവിധായകന്‍ അറിയിച്ചു.
പങ്കുവയ്ക്കലുകള്‍ ഏറെ നടക്കുന്ന വേദിയാണു ബിനാലെയുടേത്. ഓരോ തവണ പങ്കെടുക്കുമ്പോഴും അടുത്ത തവണ വരെ നിലനില്‍ക്കാനുള്ള ഊര്‍ജം ഇവിടെ നിന്നു ലഭിക്കാറുണ്ടെന്നും ആനന്ദ് നിരീക്ഷിച്ചു.

NO COMMENTS

LEAVE A REPLY