ക്യാമറക്കണ്ണുകളുമായി ബിനാലെയില്‍ ഫോട്ടോ വാക്ക്

219

കൊച്ചി: ഫൊട്ടൊഗ്രഫി വിനോദമാക്കിയ പരിചയസമ്പന്നരായ ഗ്രൂപ്പായ ‘വ്യൂഫൈന്‍ഡേഴ്‌സ് ഫൊട്ടൊഗ്രഫി’ എന്ന കൂട്ടായ്മയിലെ 45 അംഗങ്ങള്‍ കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഒത്തുചേര്‍ന്നപ്പോള്‍ ബിനാലെയില്‍ അത് മറ്റൊരു പുതുമായായി.

ഫൊട്ടൊഗ്രഫി വളര്‍ത്തുക, പ്രതിഭ പോഷിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ ബിനാലെയിലേയ്ക്കുള്ള മൂന്നാംവരമായിരുന്നു അത്. രണ്ട് മുന്‍ബിനാലെകളിലും ‘ഫോട്ടോ വാക്കു’-മായി ഇവര്‍ എത്തിയിരുന്നു. കോഴിക്കോട്, കണ്ണൂര്‍, ബാംഗ്ലൂര്‍, കൊല്ലം എന്നിങ്ങനെ വിദൂരസ്ഥലങ്ങളില്‍നിന്നുള്ള അംഗങ്ങളും ഫോട്ടോ വാക്കിനെത്തിയിരുന്നു.

മറ്റു കലാപ്രദര്‍ശനങ്ങളെപ്പോലെയല്ല, കൊച്ചി ബിനാലെയെന്ന് പറഞ്ഞ ഇവര്‍ അതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത് കലാകാരന്മാരുമായി ആശയവിനിമയം നടത്തുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും കൊച്ചിയില്‍ അവസരമൊരുക്കുന്നു എന്നതാണ്. ഇത്തവണ ബിനാലെയില്‍ തന്റെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കെആര്‍. സുനിലുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത് ഇതിനുദാഹരണമായി ഗ്രൂപ്പ് സ്ഥാപകരിലൊരാളും സ്വതന്ത്ര ഫൊട്ടൊഗ്രാഫറുമായ കെ.എസ്. ശ്രീജിത് പറഞ്ഞു. വ്യൂഫൈന്‍ഡേഴ്‌സില്‍ എല്ലാ പ്രായത്തിലുമുള്ളവരുണ്ട്. വിദ്യാര്‍ഥികളും പ്രൊഫഷനലുകളും വീട്ടമ്മമാരുമെല്ലാം ഇതില്‍ പെടും. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് ഇവര്‍ ബന്ധം നിലനിര്‍ത്തുന്നത്.

പി.കെ.സദാനന്ദനെപ്പോലുള്ള കലാകാരന്മാരില്‍നിന്ന് അവരുടെ രീതികളും അനുഭവങ്ങളും അറിയാന്‍ കഴിഞ്ഞുവെന്നും ശ്രീജിത് ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് സൃഷ്ടിപരമായ പല മാര്‍ഗനിര്‍ദ്ദേശങ്ങളും അവര്‍ നല്‍കി. ഇതൊന്നും മറ്റൊരിടത്തും ലഭിക്കാത്തതാണ്. സുനിലുമായി ആശയവിനിമയം നടത്തിയപ്പോഴാണ് അപരിചിതരെപ്പോലും എങ്ങനെ സമീപിക്കാമെന്നും മടിയില്ലാതെ എങ്ങനെ ഫോട്ടോയെടുക്കാമെന്നും പറഞ്ഞുതന്നത്. ഇത്തവണ ബിനാലെയ്ക്ക് വൈവിധ്യം വര്‍ധിച്ചിരിക്കുന്നു. പുതിയ മാധ്യമങ്ങളും പ്രതിഷ്ഠാപനങ്ങളുമുണ്ട്. വിര്‍ച്വല്‍ റിയാലിറ്റി പോലും ഇവിടെ മാധ്യമമായിരിക്കുന്നുവെന്ന് ശ്രീജിത് ചൂണ്ടിക്കാട്ടി.

മാര്‍ഗമെന്തെന്ന് തിരിച്ചറിയാനും സൃഷ്ടിവൈഭവം പ്രകടനമാക്കാനുമുള്ള ഇടമായി ബിനാലെ മാറിയിരിക്കുന്നുവെന്ന് കൊച്ചി-മുസിരിസ് ബിനാലെയുടെ സഹസ്ഥാപകനായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. സര്‍ഗപ്രതിഭകള്‍ക്ക് ഏത് മാധ്യമവും പ്രധാനമാണ്. മാധ്യമം പോലെ പ്രധാനമാണ് ഉള്ളടക്കവും. നിറങ്ങളില്ലാത്ത ഫൊട്ടൊഗ്രഫിയില്‍ പണ്ട് നല്ലൊരു ഷോട്ട് ലഭിക്കാന്‍ ഏറെനേരം ഫ്രെയിമുമായി നില്‍ക്കേണ്ടിവന്നിരുന്നു. ഇന്ന് ഡിജിറ്റല്‍ ഫോട്ടോകളില്‍ മാറ്റം വരുത്താനും മായ്ച്ചുകളയാനുമൊക്കെ കഴിയുന്നു. സൃഷ്ടിപരമായ ശ്രമങ്ങള്‍ കൂടുതലായി കൈവന്നിരിക്കുന്നുവെന്നാണ് അതിനര്‍ഥം- ബോസ് ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY