ശബ്ദത്തെ തൊട്ടറിയാന്‍ ബിനാലെയില്‍ കമീല്‍ നൊര്‍മെന്റിന്‍റെ സൃഷ്ടി

196

കൊച്ചി : ഭാഷയുണ്ടാകുന്നതിനു മുന്‍പുള്ള കാലത്തെ ശബ്ദങ്ങളാണ് കൊച്ചി മുസിരിസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഒരുക്കിയിരിക്കുന്ന കമീല്‍ നോര്‍മെന്റിന്റെ സൃഷ്ടിയുടെ പ്രമേയം. മര്‍മ്മരങ്ങളായും മന്ത്രോച്ചാരണങ്ങളായും മൂളലുകളായും തേങ്ങലുകളായുമൊക്കെ വാക്കുകളില്ലാത്ത സംഭാഷണങ്ങളില്‍ അവ സന്ദര്‍ശകരെ തേടിയെത്തുന്നു. ‘പ്രൈം’ എന്ന ഈ ഇന്‍സ്റ്റലേഷന്‍ അവരെ പേടിപ്പെടുത്തുന്നതാണ്.

ആസ്പിന്‍വാള്‍ ഹൗസിന് ചുറ്റുമുള്ള കടല്‍ക്കാഴ്ച്ചകള്‍ ആസ്വദിക്കാനും വിശ്രമിക്കാനുമായി സന്ദര്‍ശകര്‍ ഇരിക്കുന്ന ബെഞ്ചുകളിലാണ് ഇന്‍സ്റ്റലേഷന്റെ ഭാഗമായ എക്‌സൈറ്ററുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇവ പുറപ്പെടുവിക്കുന്ന ശബ്ദപരമ്പര ആദ്യം വിദൂരതയില്‍ കേള്‍ക്കുന്ന ശബ്ദങ്ങളെ പ്രതിധ്വനിപ്പിക്കുകയും പിന്നീട് അവയുടെ സ്വഭാവത്തിലെ വ്യത്യാസങ്ങള്‍ കാണിച്ചുതരുകയും, ഒടുവില്‍ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബോധമണ്ഡലത്തിലേക്ക് കടന്നുവരികയും ചെയ്യുന്നു.

അരികിലൂടെ ഒഴുകിപ്പോകുന്ന കപ്പലുകളുടെയും വള്ളങ്ങളുടെയും ശബ്ദങ്ങള്‍ക്കൊപ്പം പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടുള്ള സ്വരങ്ങളുടെ ഇന്‍സ്റ്റലേഷന് ചേരുന്ന ഇടം തന്നെയാണിതെന്ന് കമീല്‍ നോര്‍മെന്റ് പറയുന്നു. ഇനി ജലയാത്രകളെ കാണുന്ന രീതിയെത്തന്നെ മാറ്റിക്കൊണ്ട് ഈ ശബ്ദങ്ങള്‍ നിങ്ങളെ പിന്തുടരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അത്തരം ഒരു സ്മരണയുണര്‍ത്തല്‍ മാത്രമല്ല അമേരിക്കക്കാരിയായ കലാകാരി ലക്ഷ്യമിടുന്നത്. പ്രേതശബ്ദങ്ങളും ഭൗതികവസ്തുക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന അനുഭവംകൂടിയയായി ‘പ്രൈം’ മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. കാണികളെ പങ്കാളികളാക്കിമാറ്റിക്കൊണ്ടുള്ള ഇന്‍സ്റ്റലേഷനില്‍ സമയവും കാലവും നിറയ്ക്കുന്ന ശബ്ദം എന്ന കലാമാധ്യമമാണ് അവര്‍ ഉപയോഗിക്കുന്നത്.

വിവിധ സംസ്‌കാരങ്ങളുടെ മിശ്രണമാണ് സൃഷ്ടിയിലുപയോഗിച്ചിരിക്കുന്ന മനുഷ്യസ്വരങ്ങള്‍. ആഫ്രിക്കന്‍-അമേരിക്കന്‍ ദേവാലയങ്ങളില്‍ കേള്‍ക്കുന്ന തേങ്ങല്‍ പോലെയുള്ള പ്രാര്‍ത്ഥന, ടിബറ്റന്‍ ബുദ്ധസന്യാസിമാരുടെ തൊണ്ടപ്പാട്ട്, ഓംകാരധ്വനി എന്നിങ്ങനെയുള്ള വേറിട്ട ശബ്ദങ്ങളും അവയുടെ സാംസ്‌കാരിക പശ്ചാത്തലവും ഇന്‍സ്റ്റലേഷന്‍ ഉപയോഗിക്കുന്നു.

സംസ്‌കാരത്തില്‍നിന്ന് ഒരു ശബ്ദത്തിനും വേര്‍പെട്ടുനില്‍ക്കാനാവില്ലെന്ന് കമീല്‍ പറയുന്നു. ശബ്ദം ഒരു ചെവിയെ ഉദ്ദീപിപ്പിക്കുന്ന നിമിഷത്തില്‍തന്നെ അത് സംസ്‌കൃതമായ ഒരു ശരീരത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ശബ്ദത്തെ, അതിന്റെ ഭൗതികതയെ കാണികള്‍ അനുഭവിച്ചറിയണം എന്നാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്ലാസ് ഹാര്‍മോണിക്ക, ഇലക്ട്രിക് ഗിറ്റാര്‍, കര്‍ണാടക സംഗീത സ്വരങ്ങള്‍ എന്നിവയുടെ ശബ്ദവും ബിനാലെയുടെ ഉദ്ഘാടനവാരം നടന്ന ‘ദ കമീല്‍ നോര്‍മെന്റ് ട്രിയോ’യുടെ തത്സമയ പ്രകടനത്തില്‍നിന്ന് ഇന്‍സ്റ്റലേഷനിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു.

ശബ്ദത്തിന്റെ സ്വരപ്രമാണങ്ങളിലും പരീക്ഷണങ്ങളിലും ഉള്ള താല്‍പ്പര്യത്തിന്റെ തുടക്കം കമീല്‍ ആറാംവയസില്‍ ആരംഭിച്ച പിയാനോ പഠനത്തോടാണ് ചേര്‍ത്തുവയ്ക്കുന്നത്. അര്‍ദ്ധ സ്വരസ്ഥാനങ്ങളായ സെമി-ടോണുകളും സ്വരസ്ഥാനങ്ങളാല്‍ നിര്‍വചിക്കപ്പെടാത്ത ശബ്ദമിശ്രണങ്ങളും ഉള്‍പ്പെടുന്ന പിയാനോയിലെ ‘സെക്കന്‍ഡ്‌സ്’കളില്‍ ഏറെ ശ്രദ്ധകൊടുത്തിരുന്നതായി അവര്‍ ഓര്‍ക്കുന്നുണ്ട്. 1952ല്‍ അമേരിക്കക്കാരനായ പരീക്ഷണാത്മക സംഗീതജ്ഞന്‍ ജോണ്‍ കേജ് രചിച്ച ഫോര്‍ മിനിറ്റ്‌സ്, 33 സെക്കന്‍ഡ്‌സ് എന്ന സൃഷ്ടി -നിശബ്ദതയുടെ സംഗീതം എന്നറിയപ്പെടുന്ന ഴോണര്‍ സ്ഥാപിച്ചത് ഈ സൃഷ്ടിയാണ്. പിയാനോയ്ക്ക് മുന്‍പില്‍ വെറുതേയിരിക്കുകയാണ് സംഗീതജ്ഞന്‍- കമീലിന്റെ ഭാവനയെ ഉണര്‍ത്തി. സൃഷ്ടിയുടെ വ്യവസ്ഥാപിത മാര്‍ഗം ഉപേക്ഷിക്കാന്‍ അതവരെ പ്രേരിപ്പിക്കുകയായിരുന്നു.

നിശബ്ദതയ്ക്ക് സംഗീതം നല്‍കുക എന്ന കേജിന്റെ ആശയവും, നിശബ്ദതയുടെ ശബ്ദം കണ്ടെത്താനും നിശബ്ദത അസാദ്ധ്യമായ ഒന്നാണെന്നും സ്ഥാപിക്കാനുള്ള കേജിന്റെ ശ്രമവും തന്നെ പരീക്ഷണത്തിലേക്ക് നയിച്ചതായി കമീല്‍ പറയുന്നു. 1980കളുടെ തുടക്കത്തില്‍ തന്റെ ആദ്യ സിന്തസൈസര്‍ കൈവന്നപ്പോഴാണ് ശബ്ദതരംഗങ്ങളില്‍ നേരിട്ട് സ്വരലയം വരുത്തുന്നതിന്റെ ആഹ്‌ളാദം അവര്‍ ആദ്യമായി അറിഞ്ഞത്. അതിന് ശേഷം ശബ്ദപരീക്ഷണങ്ങള്‍ എന്നും ആവേശകരമായിരുന്നു എന്ന് കമീല്‍ പറയുന്നു. പുതുയുഗ സംഗീതരൂപങ്ങളായ ഇലക്‌ട്രോണിക് ഡാന്‍സ്, ട്രാന്‍സ് തുടങ്ങിയവയെല്ലാം ശബ്ദത്തെക്കുറിച്ചുള്ള ധാരണകളെ സ്വാധീനിച്ചു. എല്ലാ ശബ്ദങ്ങളിലും സംഗീതമുണ്ട്. അത് എവിടെ സ്ഥാപിക്കുന്നു എന്നും അത് സ്ഥാപിതമായ സാഹചര്യം ഏതാണെന്നും ആശ്രയിച്ചിരിക്കും മറ്റെല്ലാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY