പ്രാചീന കേരളത്തിന്‍റെ സമകാലീന വീക്ഷണവുമായി ബിനാലെയില്‍ മലയാളി കലാകാരന്മാര്‍

381

കൊച്ചി : പ്രാചീന കേരളത്തിന് സമകാലീന വീക്ഷണം നല്‍കുകയാണ് കൊച്ചി മുസിരിസ്-ബിനാലെ മൂന്നാം ലക്കത്തില്‍ പങ്കെടുക്കുന്ന എട്ട് മലയാളി കലാകാരന്മാര്‍. ബിനാലെയിലെ മലയാളി കലാകാരന്മാരുടെ സൃഷ്ടികള്‍ വ്യത്യസ്തമാണെന്നും അവയെല്ലാം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നവയാണെന്നും ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയുടെ പ്രദര്‍ശനം ബിനാലെയിലെ പതിവ് പ്രദര്‍ശനങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. സി. ഭാഗ്യനാഥിന്റെ ‘സീക്രട്ട് ഡയലോഗ്‌സ്’ സാമ്പ്രദായിക മാധ്യമത്തിലുള്ളതാണ്. അതേസമയം ആനന്ദിന്റെ ‘മാപ് മേക്കേഴ്‌സ് ആന്‍ഡ് മാപ് ബ്രേക്കേഴ്‌സ് : സ്‌പേസ് ടു ടൈം എലോങ് ദ മാപ്‌സ്’ അദ്ദേഹത്തിന്റെ എഴുത്തില്‍നിന്നാണ് വരുന്നത്. പുരാതന ശേഷിപ്പുകളെപ്പോലെയിരിക്കുന്ന അവ എന്താണ് പരമ്പരാഗതം, എന്താണ് സമകാലികം എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും ഷെട്ടി പറയുന്നു.

ബിനാലെയിലെ കലാപരിപാടികളും സംഭാഷണങ്ങളും നടക്കുന്ന വേദിയായ കബ്രാല്‍ യാര്‍ഡിലെ ‘ദ പവിലിയന്‍’ രൂപകല്‍പ്പന ചെയ്തത് ആര്‍ക്കിടെക്റ്റ് ടോണി ജോസഫാണ്. പരമ്പരാഗത കേരളീയ ഭവനങ്ങള്‍, കളരി, മട്ടാഞ്ചേരിയുടെ സവിശേഷതയായ ഗോഡൗണുകള്‍ എന്നിവയില്‍നിന്നെല്ലാമുള്ള ഘടകങ്ങള്‍ പവിലിയനിലുണ്ട്. കാലം പുരോഗമിക്കുന്നതിനൊപ്പം നഷ്ടപ്പെടുന്ന സാംസ്‌കാരിക ചരിത്രത്തില്‍നിന്നുള്ള സൂചനകളിലൂടെ ഗൃഹാതുരത്വത്തിലേയ്ക്ക് നയിക്കുന്നതാണ് ഇവയെന്ന് ടോണി ജോസഫ് പറയുന്നു.

തന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രാഫ് പരമ്പരയ്ക്ക് പൊന്നാനി പശ്ചാത്തലമായി തെരഞ്ഞെടുത്തതിനെപ്പറ്റി കെ.ആര്‍. സുനിലിനും സമാനമായ അഭിപ്രായമാണ് പങ്കുവയ്ക്കാനുള്ളത്. പഴയ കഥകള്‍ കേട്ടുവളര്‍ന്ന തനിക്ക് പൊന്നാനിയിലെത്തിയപ്പോള്‍, നാടുവിട്ടുപോകുന്നവരെക്കാള്‍ നാട്ടില്‍തന്നെ സന്തുഷ്ടരായി കഴിയുന്ന ആളുകളെയാണ് കാണാന്‍ കഴിഞ്ഞതെന്ന് സുനില്‍ പറയുന്നു. പൊന്നാനിയുടെ ഗതകാല സംസ്‌കാരത്തില്‍ കലര്‍പ്പുകളില്ല. പരമ്പരയിലെ ഒരു കഥാപാത്രമായ അബൂബക്കര്‍ ദിവസവും 20000 മുതല്‍ 40000 രൂപയുടെ വരെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാറുണ്ട്. ഇത്തരം മൂല്യങ്ങളുള്ള വ്യക്തികള്‍ സമൂഹത്തില്‍നിന്ന് അപ്രത്യക്ഷരാവുകയാണെന്നും സുനില്‍ അഭിപ്രായപ്പെട്ടു.

പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയില്‍ അധിഷ്ഠിതമായ പി.കെ. സാദാനന്ദന്റെ ചുവര്‍ചിത്രം കാഴ്ചയില്‍ അങ്ങേയറ്റം പരമ്പരാഗതമാണ്. പക്ഷേ പ്രേക്ഷകര്‍ക്ക് പുതുമയുള്ള അനുഭവമാണ് അത് സമ്മാനിക്കുന്നത്. സ്വാഭാവിക ചായങ്ങളില്‍ ചാലിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ ചുവര്‍ച്ചിത്രമായിരിക്കാം ഇതെന്ന് പി.കെ. സദാനന്ദന്‍ പറയുന്നു. 15 മീറ്റര്‍ നീളവും 3 മീറ്റര്‍ ഉയരവുമുള്ള ചുവര്‍ച്ചിത്രം പുരോഗമനത്തിലിരിക്കുന്ന സൃഷ്ടിയാണ്. ബിനാലെയുടെ 108 ദിവസങ്ങളിലായി മൂന്ന് സഹായികള്‍ ചിത്രത്തില്‍ വിശദാംശങ്ങള്‍ ചേര്‍ക്കുന്നു. കല്ല്, ഇല, എണ്ണ, മരക്കറ എന്നിവയില്‍ നിന്നെടുക്കുന്ന നിറങ്ങളാണ് ഉപയോഗിക്കുന്നത്. കൃത്രിമചായങ്ങള്‍ ഒന്നുംതന്നെ ഉപയോഗിക്കുന്നില്ല.

പ്രാദേശികമായ തന്റെ ആഖ്യാനം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ സാഹിത്യംപോലെ, അന്താരാഷ്ട്രമായ ഒരു കഥയായി മനസിലാക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് കൊച്ചിയില്‍നിന്നുള്ള കലാകാരന്‍ ബാര ഭാസ്‌കരന്‍ പറയുന്നു. അമേസിംഗ് മ്യൂസിയംസ് എന്നു പേരിട്ടിരിക്കുന്ന ബാര ഭാസ്‌കരന്റെ വരകളില്‍ വയനാട്ടിലെ ഗോത്രവര്‍ഗ രൂപം, ബിഹാറിന്റെ പ്രാചീന-സമകാലിക ഭാവങ്ങള്‍, കേരളത്തിലുടനീളമുള്ള യാത്രകളില്‍ വരച്ച ഛായാചിത്രങ്ങള്‍, ദേശീയ മാസികയ്ക്കായി ഒന്നര പതിറ്റാണ്ടുകാലത്തിനിടെ ചെയ്ത, അഭിനേതാക്കളും രാഷ്ട്രീയക്കാരും കായികതാരങ്ങളും കലാകാരന്മാരുമുള്‍പ്പെടെയുള്ള പ്രശസ്തരുടെ ഇലസ്‌ട്രേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബിനാലെ പ്രാദേശിക വേരുകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതായും വിവിധ സംസ്‌കാരങ്ങള്‍ നമ്മുടെ സംസ്‌കാരത്തില്‍ വരുത്തിയ മാറ്റങ്ങളെയും നമ്മളെത്തന്നെയും മനസിലാക്കാന്‍ ഇത് സഹായിക്കുന്നതായും ബാര ഭാസ്‌കരന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY